കൊല്ലം: കടലോര മേഖലയിലെ കായിക ടൂറിസം വികസനത്തിനായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന് ജില്ലയിൽ സംഘാടക സമിതിയായി. റോട്ടറി ക്ലബ് ഹാളിൽ തിങ്ങിനിറഞ്ഞ കായിക പ്രേമികളുടെയും തീരദേശവാസികളുടെയും സാന്നിധ്യത്തിൽ മന്ത്രി കെ. രാജു രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ഒരുമയുടെ ആഘോഷമായി ബീച്ച് ഗെയിംസ് മാറുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിൽ ശ്രീനാരായണ ഗുരുവിന്റെ നാമത്തിലുള്ള സാംസ്‌കാരിക സമുച്ചയം യാഥാർത്ഥ്യമാകാൻ പോവുകയാണ്. സാംസ്‌കാരിക മുന്നേറ്റത്തിനൊപ്പം കായിക ടൂറിസം രംഗത്ത് കൊല്ലത്തിന് പുതിയ അവസരങ്ങൾക്ക് ബീച്ച് ഗെയിംസ് വഴിയൊരുക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ ചെയർമാനും സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ് ജനറൽ കൺവീനറുമായി 1001 അംഗ സംഘാടക സമിതിയെ തിരഞ്ഞെടുത്തു. ജില്ലയിലെ മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി, കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി എന്നിവർ രക്ഷാധികാരികളാണ്.
കൊല്ലം ഉൾപ്പെടെ ഒമ്പത് തീരദേശ ജില്ലകളിലാണ് ബീച്ച് ഗെയിംസ് നടക്കുന്നത്. ഫുട്‌ബോൾ, വോളിബോൾ, കബഡി, വടംവലി എന്നീ ഇനങ്ങളിലായി പുരുഷ വനിതാ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. നവംബർ 30ഓടെ ജില്ലാതല മത്സരങ്ങൾ പൂർത്തിയാകും. ജില്ലാതല വിജയികൾക്ക് സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
രൂപീകരണ യോഗത്തിൽ എം. നൗഷാദ് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, മേയർ വി. രാജേന്ദ്രബാബു, ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ്, സബ് കളക്ടർ അനുപം മിശ്ര, മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് എൽ. ലക്ഷ്മണൻ, മോൺ വിൻസെന്റ് മച്ചാഡോ, എ.എം. ഇക്ബാൽ, ജി. ലാലു, എ.സി.പി പ്രതീപ്കുമാർ, ഡോ. രാമഭദ്രൻ, ഡോ. മനോജ് കിനി, ഒളിമ്പ്യൻ അനിൽകുമാർ, ചന്ദ്രലാൽ, റെജി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഗിരീഷ്, ഡി.ടി.പി.സി സെക്രട്ടറി സന്തോഷ്, വിദ്യാഭാസ ഡെപ്യൂട്ടി ഡയറക്ടർ ഷീല തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ, കായിക യുവജന വകുപ്പ്, ഫിഷറീസ്, ടൂറിസം, തദ്ദേശ സ്വയംഭരണ വകുപ്പുകൾ, വിവിധ കായിക സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഗെയിംസ് സംഘടിപ്പിക്കുന്നത്.