കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷം നടക്കുന്ന അമൃതപുരി പൊലീസ് നിരീക്ഷണത്തിലാക്കി.എൻജിനീയറിംഗ് കോളേജ് അങ്കണത്തിലാണ് നാളെ ആഘോഷപരിപാടികൾ നടത്തുന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാൽ, കേന്ദ്ര ധനകാര്യസഹമന്ത്രി അനുരാഗ് താക്കൂർ, കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി അശ്വിനി കുമാർ, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രിമാരായ മേഴ്സിക്കുട്ടി അമ്മ, കടകംപള്ളി സുരേന്ദ്രൻ, ജി. സുധാകരൻ എന്നിവർ അടക്കം ഒട്ടേറെ വി. ഐ.പികൾ നാളത്തെ ആഘോഷചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിട്ടുള്ളത്. സിറ്റി പൊലീസ് കമ്മിഷണർ പി.കെ.മധുവിന്റെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ വിലയിരുത്തി. ഇന്ന് മുതൽ അമൃതാ എൻജിനീയറിംഗ് കോളേജിൽ പൊലീസ് കൺട്രോൾ റൂം പ്രവർത്തിച്ച് തുടങ്ങും. ആയിരത്തോളം പൊലീസുകാരെയാണ് വിവിധ ഭാഗങ്ങളിലായി വിന്യസിക്കുന്നത്. അമ്മയുടെ സുരക്ഷ പൂർണ്ണമായും സെൻട്രൽ സെക്യൂരിറ്റി ഫോഴ്സിനാണ്. പുറത്തുള്ള ക്രമസമാധാന ചുമതല സംസ്ഥാന പൊലീസിനാണ്. ആശ്രമത്തിലെത്തുന്നവരെയെല്ലാം പൊലീസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് പ്രധാനപ്പെട്ട ജംഗ്ഷനുകൾ എന്നിവിടങ്ങളിൽ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവുമുണ്ട്. കടലിലും ടി.എസ്.കനാലിലും പൊലീസ് പട്രോളിംഗ് ശക്തപ്പെടുത്തിയിട്ടുണ്ട്. പിറന്നാൾ ആഘോഷവും ദർശനവും പൂർത്തിയാകുന്നതുവരെ അമൃതപുരിയും അമൃതാ എൻജിനീയറിംഗ് കോളേജും പൂർണ്ണമായും പൊലീസിന്റെ നിയന്ത്രണത്തിലായിരിക്കും. മഠം സ്വന്തം സെക്യൂരിറ്റി സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
എം.പിമാരായ ടി.എൻ. പ്രതാപൻ, എ. എം. ആരിഫ്, കെ. സുധാകരൻ, രാജ്മോഹൻ ഉണ്ണിത്താൻ, എം. കെ. രാഘവൻ, സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എസ്. എൻ. ഡി. പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എ. ഐ.സി. സി. ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ, എം. എൽ. എമാരായ ഒ. രാജഗോപാൽ, ആർ. രാമചന്ദ്രൻ, പി.സി. ജോർജ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വിജയൻ പിള്ള, നൗഷാദ്, കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. മാധവൻപിള്ള എന്നിവരും നാളത്തെ ആഘാേഷപരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.