പുനലൂർ: സ്വച്ഛതാ അഭിയാൻ പദ്ധതിയുടെ ഭാഗമായി പുനലൂർ ശ്രീനാരായണ കോളേജിലെ എൻ.സി.സി യൂണിറ്റും, കൊട്ടാരക്കരയിലെ 9 കേരളാ ബറ്റാലിയനും സംയുക്തമായി ശുചീകരണ പ്രവർത്തനങ്ങളും ബോധവത്കരണ റാലിയും നടത്തി. കോളേജിൽ നിന്നാരംഭിച്ച റാലി പ്രിൻസിപ്പൽ ഡോ.ടി. പ്രദീപ് ഫ്ലാഗ് ഓഫ് ചെയ്തു. കൊല്ലം-തിരുമംഗലം ദേശീയപാതയോരം അടക്കമുളള പ്രദേശങ്ങൾ ശുചീകരിച്ച ശേഷം പുനലൂർ ഗവ. താലൂക്ക് ആശുപത്രി ഗ്രൗണ്ടിൽ റാലി സമാപിച്ചു.
തുടർന്ന് കേഡറ്റുകളുടെ നേതൃത്വത്തിൽ ആശുപത്രിയും പരിസര പ്രദേശങ്ങളും ശുചീകരിച്ചു. പുനലൂർ നഗരസഭ ചെയർമാൻ കെ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ടി. പ്രദീപിൻെറ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ. ഷാഹിർഷ, എൻ.സി.സി സീനിയർ അണ്ടർ ഓഫീസർ എസ്. സുനിൽ, കോളേജിലെ എൻ.സി.സി ഓഫീസർ ലഫ്.ഡോ.വി. അരുൺ തുടങ്ങിയവർ സംസാരിച്ചു.