സൂപ്രണ്ടിനെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് പരാതി നൽകി
കൊല്ലം: വിക്ടോറിയ ആശുപത്രി സൂപ്രണ്ടിനെതിരായ ആരോപണങ്ങളിൽ അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രിയിലെ ശിശുരോഗ വിഭാഗം ഡോക്‌ടർമാർ ആരോഗ്യമന്ത്രിക്ക് പരാതി നൽകി. ശിശുരോഗ വിഭാഗം ഡോക്‌ടർമാർക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ പരസ്യമായി ഉന്നയിച്ച് മനോവീര്യം കെടുത്തുന്നുവെന്നും പരാതിയിലുണ്ട്. ഡോക്ടർമാർ വേണ്ട പോലെ ജോലി ചെയ്യുന്നില്ലെന്നും നിസാര രോഗവുമായി എത്തുന്നവരെ തിരുവനന്തപുരം എസ്.എ.ടിയിലേക്ക് അയയ്ക്കുന്നുവെന്നും സൂപ്രണ്ട് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലും മറ്റ് പൊതു ഇടങ്ങളിലും പറഞ്ഞതായാണ് പരാതി. ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് കൃത്യമായി ജോലി ചെയ്യുന്ന ഡോക്ടർമാരെ സൂപ്രണ്ട് അവഹേളിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്. ഒ.പി സമയത്തിന് ശേഷം അടുത്ത ദിവസം രാവിലെ 8 വരെ ഒരു ശിശുരോഗ വിദഗ്ദ്ധൻ ഓൺ കാൾ ഡ്യൂട്ടി എടുക്കുന്നുണ്ട്. കുട്ടികളുടെയും സ്ത്രീകളുടെയും സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ഇതേ രീതിയാണ് അവലംബിക്കുന്നതെന്നും ഡോക്ടർമാർ പരാതിയിൽ പറയുന്നു.
കൊല്ലം വിക്ടോറിയ ആശുപത്രിയിൽ ശിശുരോഗ വിദഗ്ദ്ധരുടെ സേവനം കൃത്യസമയത്ത് ലഭിക്കാത്തത് മൂലം ഒരു രോഗിക്കും ബുദ്ധിമുട്ടുണ്ടായതായി അറിവില്ല. സൂപ്രണ്ട് ഡോക്ടർമാർക്കെതിരെ നടത്തുന്ന പ്രചാരണം തിരുത്തണമെന്നും അക്കാര്യത്തിലെ നടപടിക്കൊപ്പം സൂപ്രണ്ടിനെതിരായ ആരോപണങ്ങളിൽ അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഡോക്ടർമാരായ സി. ശ്രീകുമാരി, എ.സഫറുള്ളഖാൻ, ആർ.രഹന, ദീപ ഗിരീശൻ, അനു ജെ.പ്രകാശ്, ജ്യോതി ഇഗ്നേഷ്യസ്, പി.ജയ, മനോജ് മണി എന്നിവരാണ് പരാതിയിൽ ഒപ്പിട്ടിരിക്കുന്നത്.
പരാതിയുടെ പകർപ്പ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്കും നൽകിയിട്ടുണ്ട്.