machine

വിവിധ സ്‌കൂളുകളിൽ തിരഞ്ഞെടുപ്പ് നടത്തിയത് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച്

കൊല്ലം: പൊതു തിരഞ്ഞെടുപ്പുകളിലെന്ന പോലെ ചൂണ്ട് വിരലിൽ മഷി പുരട്ടി വോട്ടിംഗ് യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തിയാണ് ജില്ലയിലെ വിവിധ സ്‌കൂളുകളിലെ കുട്ടികൾ ഇന്നലെ തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുത്തത്. കൊല്ലം പട്ടത്താനം വിമലഹൃദയ സ്‌കൂളിൽ അയ്യായിരത്തോളം വിദ്യാർത്ഥികളാണ് വോട്ടിംഗ് യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തിയത്. കുട്ടികൾക്ക് വോട്ട് ചെയ്യാനായി പൊതു തിരഞ്ഞെടുപ്പുകളിലേത് പോലെ 15 പോളിംഗ് ബൂത്തുകൾ ക്രമീകരിച്ചിരുന്നു. 30 വോട്ടിംഗ് യന്ത്രങ്ങളാണ് ബൂത്തുകളിൽ ഉണ്ടായിരുന്നത്. എല്ലാ ബൂത്തുകളിലും പ്രിസൈഡിംഗ് ഓഫിസർ, ഫസ്റ്റ്, സെക്കൻഡ്, തേർഡ് പോളിംഗ് ഓഫിസർമാരും ഉണ്ടായിരുന്നു. സ്‌കൂൾ ലീഡർ,സ്‌കൂൾ സ്‌പീക്കർ,എഡ്യുക്കേഷൻ മിനിസ്റ്റർ, ആർട്സ് മിനിസ്റ്റർ, സ്‌പോർട്സ് മിനിസ്റ്റർ, ഹെൽത്ത് മിനിസ്റ്റർ, ഡെപ്യൂട്ടി എഡ്യുക്കേഷൻ മിനിസ്റ്റർ, ഡെപ്യൂട്ടി ആർട്സ് മിനിസ്റ്റർ, ഡെപ്യൂട്ടി സ്‌പോർട്സ് മിനിസ്റ്റർ, ഡെപ്യൂട്ടി ഹെൽത്ത് മിനിസ്റ്റർ പദവികളിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തിയത്.

മുൻപ് സ്‌കൂൾ ലീഡറെ തിരഞ്ഞെടുക്കാൻ ക്ലാസ് പ്രതിനിധികളായിരുന്നു വോട്ട് ചെയ്‌തിരുന്നത്. എന്നാൽ വോട്ടിംഗ് യന്ത്രം ഉപയോഗിച്ചതോടെ എല്ലാ കുട്ടികൾക്കും വോട്ട് ചെയ്യാനായി. വിമലഹൃദയ സ്‌കൂളിനൊപ്പം ജില്ലയിലെ മറ്റ് പല സ്‌കൂളുകളും തിരഞ്ഞെടുപ്പിനായി വോട്ടിംഗ് യന്ത്രം ഉപയോഗിച്ചു. മലപ്പുറം കൈറ്റിലെ മാസ്റ്റർ ട്രെയിനർ സി.കെ.ഷാജി തയ്യാറാക്കിയ സോഫ്‌ട്‌വെയറാണ് വോട്ടിംഗ് യന്ത്രങ്ങൾ തയ്യാറാക്കാൻ ഉപയോഗിച്ചത്. ഐ.ടി @ സ്‌കൂൾ വെബ്സൈറ്റിൽ ലഭിച്ച സോഫ്റ്റ്‍വയർ ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ മാർഗ നിർദേശം പിൻതുടർന്നാണ് തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. പോളിംഗ് ബൂത്തും ബാലറ്റ് പേപ്പറും സജ്ജമാക്കി സജീവമായ തിരഞ്ഞെടുപ്പ് നടത്തിയ സ്‌കൂളുകളുമുണ്ട്.