padam
കാണിക്കവഞ്ചികൾ കുത്തിതുറന്ന് മോഷണം നടന്ന പോരുവഴി ഇടയ്ക്കാട് എസ്.എൻ.ഡി.പി ശാഖയും ഗുരുമന്ദിരവും

കുന്നത്തൂർ: കുന്നത്തൂർ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ എസ്.എൻ.ഡി.പി യോഗം ശാഖകളോട് ചേർന്നുള്ള ഗുരുമന്ദിരങ്ങൾ കേന്ദ്രീകരിച്ച് മോഷണവും ആക്രമണവും വ്യാപകമാകുന്നു. ഗുരുമന്ദിരങ്ങൾക്ക് നേരെ കല്ലെറിഞ്ഞ് ഗ്ലാസുകൾ തകർക്കുക, മതിലുകളിൽ സ്ഥാപിച്ചിട്ടുള്ള ഗ്രില്ലുകൾ വളച്ചൊടിച്ച് നശിപ്പിക്കുക, കാണിക്ക വഞ്ചികൾ കുത്തിതുറന്ന് പണം അപഹരിക്കുക തുടങ്ങിയവയാണ് ഏറെ നാളായി നടക്കുന്നത്.

സംഭവങ്ങളിൽ സി.സി.ടി.വി ദൃശ്യങ്ങളടക്കം ലഭിച്ചിട്ടും ഒരു പ്രതിയെപ്പോലും ഇതുവരെ പിടികൂടാനായിട്ടില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കുന്നത്തൂർ കിഴക്ക് ശാഖാ മന്ദിരത്തിലെ മതിലിൽ സ്ഥാപിച്ചിരുന്ന ഗ്രില്ലുകൾ രാത്രിയിൽ വളച്ചൊടിച്ച് നശിപ്പിച്ചിട്ട് ഏറെ നാളായെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായില്ല. മുമ്പ് ബൈക്കിലെത്തിയ സംഘം ഈ ഗുരുമന്ദിരത്തിന്റെ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്തിരുന്നു.

ഒരാഴ്ച മുമ്പാണ് ശൂരനാട് വടക്ക് കെ.സി.ടി മുക്കിനു സമീപം ശ്രീചിത്തിരവിലാസം ശാഖയോട് ചേർന്നുള്ള ഗുരുമന്ദിരത്തിലെ കാണിക്കവഞ്ചിയുടെ പൂട്ട് കുത്തിതുറന്ന് മോഷണം നടന്നത്. ഏകദേശം പതിനായിരത്തിലധികം രൂപ കവർന്നതായാണ് വിവരം. ഇതിന്റെ അന്വേഷണവും എങ്ങും എത്തിയില്ല. ഇതിനിടെ സ്റ്റേഷൻ പരിധിയിൽ തന്നെയുള്ള പോരുവഴി ഇടയ്ക്കാട് ശാഖാ ഗുരുമന്ദിരത്തിലെ മോഷണമാണ് അവസാനത്തെ സംഭവം. ഇരു സംഭവങ്ങളും നടന്നത് സമാനരീതിയിലാണ്. വളരെ ആസൂത്രിതമായാണ് മോഷണം നടത്തുന്നതെന്നാണ് സൂചന. രണ്ട് മോഷണങ്ങൾക്കു പിന്നിലും പ്രവർത്തിച്ചത് ഒരു സംഘം തന്നെയാണെന്നാണ് സംശയിക്കുന്നത്.

നഷ്ടമായത് 30000ത്തോളം രൂപ

എസ്.എൻ.ഡി.പി യോഗം ഇടയ്ക്കാട് നൂറ്റി എഴുപത്തി ആറാം നമ്പർ ശാഖാ ഗുരുമന്ദിരത്തിലെ രണ്ട് കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന മോഷ്ടാക്കൾ 30000ത്തോളം രൂപയാണ് കവർന്നത്. കഴിഞ്ഞദിവസം അർദ്ധരാത്രിയോടെയാണ് സംഭവമെന്നാണ് സംശയിക്കുന്നത്. ശാഖാ പ്രസിഡന്റ് പി.സന്തോഷ്, സെക്രട്ടറി സുമേഷ് എന്നിവർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ശൂരനാട് പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.