കുന്നത്തൂർ: ശാസ്താംകോട്ട താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. പ്രധാന കെട്ടിടത്തിലെ മൂന്നാമത്തെ നിലയിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള യൂണിറ്റ് പ്രവർത്തിക്കുന്നത്. 7 യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരേ സമയത്ത് 6 യൂണിറ്റുകളാണ് പ്രവർത്തിക്കുക. 6 മാസം മുമ്പ് തന്നെ നിർമ്മാണം പൂർത്തീകരിച്ചെങ്കിലും വൈദ്യുതി തടസം നേരിടുന്നതിനുള്ള ജനറേറ്റർ ലഭിക്കാത്തതാണ് പ്രവർത്തനം വൈകാൻ കാരണമായത്.
യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ കുന്നത്തൂർ നിവാസികൾക്ക് വലിയ ആശ്വാസമാകും. ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു ഡയാലിസിസ് യൂണിറ്റ് എന്നത്. നിലവിൽ ജില്ലാ ആശുപത്രിയിലാണ് കൂടുതൽ രോഗികൾ ഡയാലിസിസ് ചെയ്യാൻ കഴിയുന്നത്. ആരോഗ്യ ഇൻഷ്വറൻസ് കാർഡ് ഉള്ളവർക്ക് സൗജന്യമായും ബി.പി.എൽ കാർഡുടമകൾക്ക് 350 രൂപയും അല്ലാത്തവർക്ക് 450 രൂപയുമാണ് ഡയാലിസിസ് ചെയ്യുന്നതിനുള്ള നിരക്ക്. യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്കായി 3 ടെക്നീഷ്യൻമാരെയും ഹോസ്പിറ്റൽ മാനേജ്‌മന്റ് കമ്മിറ്റി നിയമിച്ചിട്ടുണ്ട്.
യൂണിറ്റിന്റെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കൃഷ്ണകുമാരി, ജില്ലാ പഞ്ചായത്ത് അംഗം കെ. ശോഭന, സ്ഥിരംസമിതി അദ്ധ്യക്ഷരായ കെ. കലാദേവി, മുബീന, അബ്ദുൾ ലത്തീഫ്, അംഗങ്ങളായ ടി. അനില, അക്കരയിൽ ഹുസൈൻ, കാരയ്ക്കാട്ട് അനിൽ, അഡ്വ.തോമസ് വൈദ്യൻ, എസ്. ശിവൻ പിള്ള, ആശുപത്രി സൂപ്രണ്ട് ഡോ. ഷഹനാ കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു.