അഞ്ചൽ: തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവർത്തനത്തിന് സുഹൃത് വേദി ഏർപ്പെടുത്തിയ എഡ്യുക്കേഷണൽ അച്ചീവ്മെന്റ് അവാർഡിന് അഞ്ചൽ ശ്രീകൃഷ്ണാ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ എസ്. അജിത് കുമാർ അർഹിനായി. കാൽ നൂറ്റാണ്ടോളമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന അജിത് കുമാർ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനാണ്. രാജീവ് ഗാന്ധി ശിരോമണി ഉൾപ്പെടെ നിരവധി അവാർഡുകൾക്ക് അർഹനായിട്ടുണ്ട്. ഗുരുദേവ സ്റ്റഡി സർക്കിൾ ജില്ലാ സെക്രട്ടറി, സി. കേശവൻ സ്മാരകസമിതി അംഗം, വെട്ടിക്കോട് എസ്.എൻ.ഡി.പി.യോഗം ശാഖാ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചുവരുന്നു. സുഹൃത് വേദിയുടെ വാർഷിക സമ്മേളനത്തിൽ അവാർഡ് വിതരണം ചെയ്യുമെന്ന് സമിതി പ്രസിഡന്റ് ഡോ. കെ.വി. തോമസ് കുട്ടി, സെക്രട്ടറി അനീഷ് കെ. അയിലറ, അഞ്ചൽ ഗോപൻ എന്നിവർ അറിയിച്ചു.