രണ്ടാം ഘട്ടത്തിൽ 11 ആംബുലൻസുകൾ കൂടിയെത്തും
കൊല്ലം: കനിവ് 108 ആംബുലൻസുകളുടെ സേവനം ജില്ലയിൽ ലഭ്യമായി തുടങ്ങി. 108 അമർത്തിയാൽ വിളിപ്പുറത്ത് എത്താൻ 10 ആംബുലൻസുകൾ സജ്ജമാണ്. രണ്ടാം ഘട്ടത്തിൽ 11 ആംബുലൻസുകൾ കൂടി ജില്ലയ്ക്ക് നൽകും. രണ്ടാമത് ലഭിക്കുന്ന ആംബുലൻസുകൾ രാവിലെ 8 മുതൽ രാത്രി 8 വരെയാകും സേവനം നൽകുക. വിക്ടോറിയ ആശുപത്രി, പാരിപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം, ചാത്തന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം, കൊട്ടാരക്കര - കരുനാഗപ്പള്ളി ഉൾപ്പെടെ ജില്ലയിലെ വിവിധ താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ ആംബുലൻസുകൾ വിന്യസിക്കും. സംസ്ഥാനത്താകെ കൂടുതൽ കനിവ് 108 ആംബുലൻസുകൾ അനുവദിച്ചതിന്റെ ഭാഗമായാണ് ജില്ലയിലും ലഭിച്ചത്.
അടിയന്തര വൈദ്യസഹായത്തിന് വേണ്ടിയാണ് കനിവ് 108ന്റെ സേവനങ്ങൾ.
അപകട കേസുകൾക്കാണ് പ്രഥമ പരിഗണന നൽകുക
അത് കഴിഞ്ഞ് മെഡിക്കൽ എമർജൻസിക്ക് പ്രാധാന്യം
ഗർഭിണികളെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാനും സേവനം ഉപയോഗിക്കാം.
ഗുരുതരാവസ്ഥയിലുള്ള രോഗിയെ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാനും നൽകും.
ഇതിനായി ഡോക്ടറോ ഡോക്‌ടർ ചുമതലപ്പെടുത്തിയ ആശുപത്രി ജീവനക്കാരനോ 108ൽ വിളിക്കണം.
സേവനങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും 1800 599 22 70 എന്ന ടോൾഫ്രീ നമ്പരിൽ അറിയിക്കാം