കൊല്ലം: പൊലീസിന്റെ പക്ഷപാതപരവും രാഷ്ട്രീയ വിവേചനത്തോടും കൂടിയ നടപടികൾ സംസ്ഥാനത്തെ നിയമവാഴ്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് എൻ.കെ. പ്രമചന്ദ്രൻ എം.പി പറഞ്ഞു. പി. ജയരാജൻ-ബി.ജെ.പി ബന്ധം ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടവരെ അറസ്റ്റു ചെയ്ത പൊലീസ് നടപടിയെ തുടർന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച കത്തിലാണ് വിഷയം ഉന്നയിച്ചത്. കേരളത്തിൽ സി.പി.എം നേതാക്കൾക്കും ഇതര പൗരന്മാർക്കും വ്യത്യസ്തമായ നിയമസംഹിതയാണോ നിലനിൽക്കുന്നതെന്ന സംശയം ആരിലും ജനിപ്പിക്കുന്ന വിധം പക്ഷപാതപരമായ നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. സി.പി.എം രാഷ്ട്രീയ നേട്ടത്തിനുവേണ്ടി കേരളാ പൊലീസിനെ ദുരുപയോഗം ചെയ്യുന്നുവെന്ന വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. സി.പി.എം നേതാവായ പി. ജയരാജനെതിരെ ബി.ജെ.പി ബന്ധം ആരോപിച്ചുവന്ന ഫേസ്ബുക്ക് പോസ്റ്റിനെതിരെ നിയമനടപടി സ്വീകരിച്ച സംസ്ഥാന പോലീസ് എന്തുകൊണ്ട് സി.പി.എം നേതാക്കളും ബഹുജന സംഘടനാ നേതാക്കളും പ്രവർത്തകരും ചെയ്യുന്ന സമാനമായ പ്രവൃത്തികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നില്ല എന്നും പ്രേമചന്ദ്രൻ കത്തിൽ ചോദിച്ചു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ധനകാര്യ മന്ത്രി തോമസ് ഐസക്കും ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ താൻ ബി.ജെ.പി യിലേക്ക് പോകുമെന്ന് പരസ്യപ്രസ്താവന നത്തിയത് സമാനസ്വഭാവമുള്ളവയാണ്. എന്നാൽ അവർക്കെതിരെ യാതൊരു നടപടിയും പൊലീസ് സ്വീകരിച്ചില്ല. വിവിധ സി.പി.എം, ഡി.വൈ.എഫഐ നേതാക്കളും സാമൂഹ്യമാധ്യമങ്ങളിലൂടെ തനിക്കെതിരെ ബി.ജെ.പി ബന്ധം ആരോപിച്ച് നിരന്തര പ്രചാരണം നടത്തി. സി.പി.എം ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ ബിജു വെളിച്ചിക്കാല തനിക്കെതിരെ ബി.ജെ.പി ബന്ധം ആരോപിച്ച് അപകീർത്തിപരമായ പോസ്റ്റ് ഫേസ്ബുക്കിലിട്ടു. സി.പി.എം, ഡി.വൈ.എഫ്.ഐ സൈബർ പോരാളികൾ തനിക്കെതിരെ ബി.ജെ.പി ബന്ധം ആരോപിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരന്തരമായി അപകീർത്തിപരമായ പ്രചരണം നടത്തി. നിയമനടപടിക്കായി പൊലീസ് അധികാരികളെ സമീപിച്ചപ്പോൾ നിസ്സഹായതയാണ് അറിയിച്ചത്. കുറ്റവാളികളെ രാഷ്ട്രീയം നോക്കി പ്രത്യേക പരിഗണന നൽകി സംരക്ഷിക്കുന്ന തരത്തിലുള്ള നടപടികൾ അവസാനിപ്പിക്കണമെന്ന് പ്രേമചന്ദ്രൻ കത്തിൽ ആവശ്യപ്പെട്ടു.