ശാസ്താംകോട്ട: മുക്കിന് മുക്കിന് കെ.എസ്.ആർ.ടി.സി ബസുകൾ 'പണിമുടക്കിയത് " യാത്രക്കാരെ വലച്ചു. കൊല്ലം- പത്തനംതിട്ട റൂട്ടിൽ ശാസ്താംകോട്ടയ്ക്കും കാരാളിമുക്കിനും ഇടയിൽ ഇന്നലെയാണ് മൂന്ന് കെ.എസ്.ആർ.ടി.സി വേണാടു ബസുകൾ തകരാറിലായത്. രാവിലെ ഒമ്പതു മണിക്ക് ശേഷം ആദിക്കാട് ജംഗ്ഷനു സമീപം അടുത്തടുത്ത രണ്ട് ബസുകൾ നൂറുമീറ്റർ വ്യത്യാസത്തിൽ തകരാറിലായി. ഇവ യാത്ര അവസാനിപ്പിച്ചതോട കൊല്ലം ഭാഗത്തുള്ള ഓഫീസുകളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർ പെരുവഴിയിലായി. കൊല്ലം ഭാഗത്തേക്കുള്ള മെമു ട്രെയിൻ ബുധനാഴ്ച ദിവസം ഇല്ലാത്തതിനാൽ ബസിൽ കൂടുതൽ തിരക്കുള്ള ദിവസമായിരുന്നു ഇന്നലെ. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
വൈകിട്ട് ആറു മണിയോടെ കൊല്ലത്തേക്ക് പോവുകയായിരുന്ന ബസും ആഞ്ഞിലിമൂടി നു സമീപം തകരാറിലായി. ഇതോടെ പെരുവഴിയിലായത് സ്ത്രീകളടക്കം ഓഫീസ് വിട്ട് വീട്ടിലേക്ക് മടങ്ങിയവരായിരുന്നു. ബസുകൾ കൃത്യസമയത്ത് അറ്റകുറ്റപ്പണികൾ നടത്താതെ സർവീസ് നടത്തുന്നതിനാലാണ് യാത്രപാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്നതെന്ന് യാത്രക്കാർ പറയുന്നു. ലാഭകരമായ കൊല്ലം- പത്തനംതിട്ട ചെയിൻ സർവീസ് തകർക്കുവാനുള്ള ശ്രമമാണിതെന്നും പരാതിയുണ്ട്.