waste-statue
clipart

 അജൈവ മാലിന്യം ഉപയോഗിച്ചുള്ള കൂറ്റൻ ശില്പങ്ങൾ ഒരുക്കും

 ബിനാലെ മോഡലിൽ തത്സമയ ശില്പനിർമ്മാണവും

 സ്ഥല പരിശോധന രണ്ട് ദിവസത്തിൽ

കൊല്ലം: ഉപയോഗശൂന്യമായ പദാർത്ഥങ്ങൾ കൊണ്ട് കൊല്ലം ബീച്ചിൽ മ്യൂസിയം ഒരുങ്ങും. കൊല്ലം നഗരസഭയുടെ സമ്പൂർണ്ണ മാലിന്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായാണ് മ്യൂസിയം തയ്യാറാക്കുന്നത്. ഉപയോഗശൂന്യമായ വസ്തുക്കൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിഞ്ഞ് പരിസര മലിനീകരണം സൃഷ്ടിക്കാതെ ക്രിയാത്മകമായി ഉപയോഗിക്കണമെന്ന സന്ദേശം ജനങ്ങൾക്ക് നൽകുകയാണ് നഗരസഭയുടെ ലക്ഷ്യം.

പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം ഉപയോഗിച്ചുള്ള ശില്പങ്ങളായിരിക്കും മ്യൂസിയത്തിലെ മുഖ്യആകർഷണം. കാഴ്ചക്കാരെ ആകർഷിക്കുന്ന തരത്തിലുള്ള കൂറ്റൻ ശില്പങ്ങളാകും ഒരുക്കുക. കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള ചെറിയ കളിപ്പാട്ടങ്ങളും തയ്യാറാക്കും. ഉപയോഗശൂന്യമായ പദാർത്ഥങ്ങൾ പുനരുപരയോഗപ്രദമാക്കി മ്യൂസിയം കേന്ദ്രീകരിച്ച് വില്പന നടത്താനും ആലോചനയുണ്ട്. ആദ്യഘട്ടത്തിൽ ഒന്നോ രണ്ടോ കലാകാരന്മാർക്കാകും ശില്പ നിർമ്മാണത്തിന്റെ ചുമതല. പിന്നീട് കൊച്ചിൻ ബിനാലെ മോഡലിൽ ഉത്സവാന്തരീക്ഷത്തിൽ തത്സമയ ശില്പനിർമ്മാണം അടക്കം സംഘടിപ്പിക്കാനും ആലോചനയുണ്ട്.

കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ മ്യൂസിയം സ്ഥാപിക്കാനായിരുന്നു ആദ്യ ആലോചന. കാഴ്ചക്കാരെ കൂടുതൽ ആകർഷിക്കാനാണ് ബീച്ച് പരിസരത്തേക്ക് മാറ്റിയത്. ബീച്ചിന് സമീപം അടുത്തിടെ ആരംഭിച്ച അക്വേറിയത്തോട് ചേർന്നാകും മ്യൂസിയം തയ്യാറാക്കുക. ബീച്ചിലെത്തുന്ന നൂറ് കണക്കിന് പേർ മാലിന്യമ്യൂസിയം സന്ദർശിച്ച് മാലിന്യം വലിച്ചെറിയരുതെന്ന സന്ദേശം ഉൾക്കൊള്ളുമെന്നാണ് നഗരസഭയുടെ കണക്കുകൂട്ടൽ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശരാജ്യങ്ങളിലും നിലവിൽ മാലിന്യ മ്യൂസിയങ്ങളുണ്ട്. ഇവിടെയെല്ലാം കാഴ്ചക്കാരുടെ വൻ തിരക്കുമുണ്ട്. മാലിന്യ മ്യൂസിയം ഒരുക്കുന്നതിന് മുന്നോടിയായി രണ്ട് ദിവസത്തിനുള്ളിൽ ബീച്ചിൽ സ്ഥലപരിശോധന നടക്കും.