dri

കൊല്ലം: കുപ്പിവെള്ളത്തിന്റെ വില പതിനഞ്ച് രൂപയായി സർക്കാർ നിശ്ചയിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഭക്ഷ്യ വകുപ്പ് മന്ത്രി തിലോത്തമന്റെ ഓഫീസിൽ കേരള പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ മാനുഫാക്ചേഴ്സ് അസോസിയേഷൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.

വില പതിമൂന്നു രൂപയാക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. നിലവിൽ ഇരുപതു രൂപയ്ക്കാണ് വില്പന നടത്തുന്നത്. എന്നാൽ, കാലിക്കുപ്പി (കട്ടിയുള്ളത്) ഉപഭോക്താവിൽ നിന്ന് തിരിച്ചെടുക്കാമെന്നും അതിന് രണ്ടു രൂപ വില നൽകാമെന്നും അസോസിയേഷൻ പ്രതിനിധികൾ ഉറപ്പ് നൽകി. സംസ്ഥാന മലീനീകരണ നിയന്ത്രണ ബോർഡ് ചെയർമാനാണ് ഈ നിർദേശം മുന്നോട്ടുവച്ചത്. അതിൻ പ്രകാരം കാലിക്കുപ്പികൾ റിസൈക്കിൾ ചെയ്യാനുള്ള സംവിധാനം മലനീകരണ നിയന്ത്രണബോർഡിന്റെ അംഗീകാരത്തോടെ രണ്ടു ജില്ലയിൽ ഒന്നു വീതം സ്ഥാപിക്കും.

കുപ്പിവെള്ളത്തിന്റെ വില നിശ്ചയിക്കാനുള്ള അധികാരം സർക്കാരിനാണ്. മാർക്കറ്റിലെ മറ്റു സാധനങ്ങൾ പോലെ സ്വയം വില കൂട്ടി വിൽക്കാൻ കുപ്പിവെള്ള കമ്പനികൾക്ക് അവകാശമില്ല.

അസോസിയേഷൻ പ്രസിഡന്റ് രാജീവ് മേനോൻ, സെക്രട്ടറി വിപിൻ, വൈസ് പ്രസിഡന്റ് എസ്. മനോജ്കുമാർ, ജേക്കബ്, തമീസ്, നാസർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കേരളത്തിലുള്ള 110 കുപ്പിവെള്ള കമ്പനികളുടെ സംഘടനയാണ് കേരള പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ മാനുഫാക്ചേഴ്സ് അസോസിയേഷൻ.