കരുനാഗപ്പള്ളി: സ്ത്രീകളിൽ സ്വാശ്രയശീലവും സമ്പാദ്യശീലവും വളർത്തുന്നതിനായി മാതാഅമൃതാനന്ദമയി 14 വർഷങ്ങൾക്ക് മുമ്പ് തുടക്കം കുറിച്ച അമൃത സ്വാശ്രയസംഘങ്ങളുടെ (അമൃതശ്രീ) പ്രവർത്തനം ശ്രദ്ധേയമാകുന്നു. സുനാമി ദുരന്തത്തെ തുടർന്ന് ദുരന്തം അനുഭവിക്കുന്ന സ്ത്രീകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമ്മ അമൃതസ്വാശ്രയ സംഘമെന്ന ആശയവുമായി മുന്നോട്ട് വന്നത്.
അമ്മയുടെ പുതിയ ആശയം സ്ത്രീകതൾ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. 2004 ൽ കേരളത്തിൽ 5000 സ്വാശ്രയ സംഘങ്ങൾ രൂപീകരിച്ച് 1 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ നൽകുകായിരുന്നു അമ്മയുടെ ലക്ഷ്യം. ഒരു ഗ്രൂപ്പിൽ 20 അംഗങ്ങളാണ് ഉള്ളത്. 14 വർഷത്തെ പ്രവർത്തനം കൊണ്ട് അമൃത സ്വാശ്രയ സംഘങ്ങൾ ഇന്ത്യയിൽ ആകമാനം വളർന്ന് പന്തലിച്ച് വടംവൃക്ഷം പോലെയായി.
ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിൽ അമൃതസ്വാശ്രയ സംഘങ്ങൾ നിലവിൽ പ്രവർത്തിക്കുന്നു. കേരളത്തിലാണ് ഏറ്റവും കൂടുതൽ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. നിലവിൽ ഇന്ത്യയിൽ 15000ഓളം സംഘങ്ങളും 3 ലക്ഷത്തോളം അംഗങ്ങളും ഉണ്ട്. പ്രതിവർഷം ഓരോ ഗ്രൂപ്പിന്റെയും പ്രവർത്തനങ്ങൾക്ക് മൂലധന നിക്ഷേപമായി അമ്മ 30000 രൂപ വീതം നൽകാറുണ്ട്.
അമൃതശ്രീയുടെ പ്രവർത്തനങ്ങൾക്കായി പ്രതിവർഷം 35 കോടി രൂപയാണ് മഠം ചെലവിടുന്നത്. അമൃതശ്രീയിൽ അംഗങ്ങളായ വനിതകൾ തൊഴിലുകളിൽ ഏർപ്പെട്ട് സ്വയം പര്യാപ്തതയിലാണ്. ചെറുകിട വ്യവസായങ്ങളിലൂടെയാണ് ഇവർ പണം സമ്പാദിക്കുന്നത്. തയ്യൽ, ചപ്പാത്തി മേക്കിംഗ്, ബേക്കറി സാധനങ്ങൾ, മൊബൈൽ റിപ്പയറിംഗ് സെന്ററുകൾ, കമ്പ്യൂട്ടർ സെന്ററുകൾ, ടൂ വിലർ റിപ്പയറിംഗ് , പ്ലംമ്പിംഗ് തുടങ്ങിയ മേഖലകളിൽ വനിതകൾ ആധിപത്യം സ്ഥാപിച്ച് കഴിഞ്ഞു.
അമ്മയുടെ അടുത്ത പിറന്നാൾ ആഘോഷത്തിന് മുമ്പായി ഇന്ത്യയിൽ ശേഷിക്കുന സംസ്ഥാനങ്ങളിലും അമൃത സ്വാശ്രയ സംഘങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് അമൃതശ്രീ ചീഫ് കോ ഓർഡിനേറ്റർ ആർ.രംഗനാഥൻ പറഞ്ഞു.