kalla-kilavi
ജന്മദിനാഘോഷം നടക്കുന്ന എൻജിനിയറിംഗ് കോളേജിലേക്ക് മാതാ അമൃതാനന്ദമയി എത്തിയപ്പോൾ

കരുനാഗപ്പള്ളി: സദ്ഗുരു മാതാ അമൃതാനന്ദമയിയുടെ അറുപത്തിയാറാം പിറന്നാൾ ലോകമെമ്പാടുമുള്ള ഭക്തർ ഇന്ന് ഭക്ത്യാദരപൂർവം ആഘോഷിക്കും. ആശ്രമ ആസ്ഥാനമായ അമൃതപുരിയിലെ വള്ളിക്കാവ് അമൃതാ എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ടിലെ പന്തലിലാണ് മുഖ്യ ആഘോഷം. അമ്മയുടെ പാദപൂജ ഉൾപ്പെടെയുള്ള എല്ലാ പരിപാടികളും ലോകമെങ്ങുമുള്ള ഭക്തർക്ക് കാണാനുള്ള വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെ അമ്മയും ആശ്രമ അന്തേവാസികളും പിറന്നാൾ വേദിയായ എൻജിനീയറിംഗ് കോളേജിൽ എത്തി. വൈകിട്ട് 6 മണിക്ക് ആരംഭിച്ച ഭജനയ്ക്ക് അമ്മ നേതൃത്വം നൽകി.

ഇന്ന് പുലർച്ചെ 5 മണിക്ക് 54 ബ്രഹ്മചാരികളും 54 ബ്രഹ്മചാരിണികളും പങ്കെടുക്കന്ന ഗണപതി ഹോമത്തോടെയാണ് ആഘോഷ പരിപാടികൾ ആരംഭിക്കുന്നത്. രാവിലെ 8.55ന് അമ്മ വേദിയിൽ പഞ്ചവാദ്യങ്ങളുടെ അകമ്പടിയോടെ എത്തിച്ചേരും. 9 മണിക്ക് സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തിൽ പാദപൂജ നടത്തും. ആശ്രമത്തിലെ സന്യാസിശ്രേഷ്ഠർ പാദ പൂജയിൽ പങ്കെടുക്കും. തുടർന്ന് അമ്മ ജന്മദിന സന്ദേശം നൽകും.

നിരവധി സേവന ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനത്തിനും സഹായധന വിതരണത്തിനും ചടങ്ങ് വേദിയാകും . അറുപത്തിയാറ് വധൂവരൻമാരുടെ സമൂഹ വിവാഹവും വേദിയിൽ നടക്കും. ഫുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭടൻമാരുടെ ആശ്രിതർക്ക് ചടങ്ങിൽ അഞ്ചു ലക്ഷം രൂപ വീതം നൽകും.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യും .
കേന്ദ്ര നൈപുണ്യ വികസന മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ, കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഥാക്കൂർ, കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി അശ്വിനി കുമാർ ചൗബെ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ജെ. മേഴ്‌സികുട്ടിയമ്മ,കടകംപള്ളി സുരേന്ദ്രൻ, ജി. സുധാകരൻ,എംപിമാരായ ടി.എൻ പ്രതാപൻ,എ. എം ആരിഫ്, എം.കെ രാഘവൻ, രാജ്യസഭാംഗം സുരേഷ് ഗോപി, എ. ഐ. സി. സി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ, എം. എൽ. എമാരായ ഒ. രാജഗോപാൽ, ആർ. രാമചന്ദ്രൻ, പി. സി ജോർജ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വിജയൻപിള്ള എന്നിവർ പങ്കെടുക്കും.