perumun
പെരുമൺ- പേഴുംതുരുത്ത് പാലത്തിന്റെ രൂപരേഖ

 ഫിനാൻസ് ബിഡ് തൃപ്തികരമെങ്കിൽ ഒക്ടോബർ പകുതിയോടെ കരാർ

കൊല്ലം: മൺറോതുരുത്തുകാരുടെ ചിരകാല സ്വപ്നമായ പെരുമൺ - പേഴുംതുരുത്ത് പാലം നിർമ്മാണത്തിന്റെ സാങ്കേതിക ടെണ്ടറുകളുടെ പരിശോധന അന്തിമഘട്ടത്തിലെത്തി. ഒക്ടോബർ ആദ്യവാരം ചേരുന്ന പൊതുമരാത്ത് വകുപ്പിലേതടക്കം അഞ്ച് ചീഫ് എൻജിനിയർമാരടങ്ങുന്ന സാങ്കേതിക സമിതി യോഗം നിർവഹണ ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡ് തയ്യാറാക്കുന്ന സാങ്കേതിക ടെണ്ടർ റിപ്പോർട്ട് പരിശോധിച്ച് അംഗീകാരം നൽകും.

ചെറിയാൻ ആൻഡ് വർക്കി, ഊരാളുങ്കൽ ലേബർ സൊസൈറ്റി എന്നീ രണ്ട് നിർമ്മാണ കമ്പനികളാണ് ടെണ്ടർ സമർപ്പിച്ചിട്ടുള്ളത്. വമ്പൻ പ്രോജക്ടുകൾ ഏറ്റെടുത്തിട്ടുള്ളവരായതിനാൽ രണ്ട് കമ്പനികളുടെയും സാങ്കേതിക ടെണ്ടർ അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. പിന്നീട് രണ്ട് കമ്പനികളുടെയും ഫിനാൻസ് ബിഡ് പരിശോധിച്ച് ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയവരുമായി കരാർ ഒപ്പിടും. ഫിനാൻസ് ബിഡ് എസ്റ്റിമേറ്റ് തുകയെക്കാൾ അല്പം ഉയർന്നതോ കുറഞ്ഞതോ ആണെങ്കിൽ ഒക്ടോബർ പകുതിയോടെ കരാർ നടപടികൾ പൂർത്തിയാകും. എസ്റ്റിമേറ്റ് തുകയെക്കാൾ ഉയർന്നതാണെങ്കിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അടക്കം അനുമതിക്ക് ശേഷമേ കരാറിലേക്ക് നീങ്ങൂ.

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ മാർച്ച് 2നാണ് പെരുമൺ - പേഴുംതുരുത്ത് പാലത്തിന്റെ ടെണ്ടർ നടപടികൾ ആരംഭിച്ചത്. സ്വാഭാവിക കാലാവധി അവസാനിച്ചപ്പോൾ ഒരാൾ മാത്രമാണ് ടെണ്ടർ സമർപ്പിച്ചത്. രണ്ട് തവണ കൂടി കാലാവധി നീട്ടിയിട്ടും പുതുതായി ആരും ടെണ്ടർ സമർപ്പിക്കാഞ്ഞതോടെ റീ ടെണ്ടർ ചെയ്തപ്പോഴാണ് രണ്ട് ഏജൻസികൾ രംഗത്തെത്തിയത്.

 വേഗത പോര

പെരുമൺ- പേഴുംതുരുത്ത് പാലം നിർമ്മാണത്തിന്റെ നടപടികൾക്ക് വേഗത പോരെന്ന വിമർശനം മൺറോതുരുത്തുകാർക്കിടയിൽ ശക്തമാകുകയാണ്. പാലം നിർമ്മാണത്തിന്റെ റീ ടെണ്ടർ കേരള റോഡ് ഫണ്ട് ബോർഡ് ഏറെ വൈകിപ്പിച്ചിരുന്നു. ടെണ്ടറുകളുടെ സാങ്കേതിക പരിശോധനയും സമാനമായ നിലയിൽ നീളുകയാണ്.

 പെരുമൺ - പേഴുംതുരുത്ത് പാലം

പദ്ധതി തുക: 41.215 കോടി

എസ്റ്റിമേറ്റ് തുക: 36.47 കോടി

നീളം: 424 മീറ്റർ

വീതി: 11 മീറ്റർ

1.5 മീറ്റർ വീതിയിൽ ഇരുവശങ്ങളിലും നടപ്പാത

 ടെണ്ടർ സമർപ്പിച്ചിരിക്കുന്നവർ

ചെറിയാൻ ആൻഡ് വർക്കി

ഊരാളുങ്കൽ ലേബർ സൊസൈറ്റി