കരുനാഗപ്പള്ളി: കന്നി മാസത്തിലെ മകം നാൾ നെല്ലിന്റെ ജന്മനക്ഷത്രമായാണ് കണക്കാക്കുന്നത്. ചരിത്രത്തിലാദ്യമായി സംസ്ഥാന സർക്കാരും കർഷക ക്ഷേമ വകുപ്പും ചേർന്ന് നെല്ലിന്റെ ജന്മനക്ഷത്രം കാർഷിക സമൃദ്ധിയുടെ തുടക്കം കുറിക്കലാക്കി മാറ്റി. നഷ്ടമായ കാർഷിക നന്മകളെ വീണ്ടെടുക്കാനും പുതുതലമുറയിൽ കാർഷിക ആഭിമുഖ്യം വർദ്ധിപ്പിക്കാനുമാണ് പാഠം ഒന്ന് പാടത്തേക്ക് പദ്ധതി നടപ്പാക്കുന്നത്.
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിൽ സംഘടിപ്പിച്ച പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വിദ്യാർത്ഥികളും ജനപ്രതിനിധികളും കർഷകരും ചേർന്ന് കറ്റകൾ കൊയ്തും ഞാറുനട്ടും പരിപാടി ഉത്സവമാക്കി മാറ്റി. നഗരസഭയിലെ ആറാം ഡിവിഷനിൽ ലതികാ സച്ചിതാനന്ദന്റെ ഉടമസ്ഥതയിലുള്ള ഒന്നരയേക്കർ സ്ഥലത്ത് വിളഞ്ഞ നെല്ല് കൊയ്തെടുത്ത് ആർ.രാമചന്ദ്രൻ എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയർപേഴ്ൺ എം. ശോഭന, സ്ഥിരംസമിതി അദ്ധ്യക്ഷരായ പി. ശിവരാജൻ, വസുമതി രാധാകൃഷ്ണൻ, നഗരസഭാ കൗൺസിലർ ബി. രമണിഅമ്മ, കൃഷി ഓഫീസർ വീണാ വിജയൻ, പാടശേഖര സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലേയും മുഴങ്ങോട്ടുവിള എസ്.കെ.വി യു.പി.എസിലെയും വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കാളികളായി. കുലശേഖരപുരം പഞ്ചായത്തിലെ ആറാം വാർഡിലെ മാരൂർപാടത്താണ് ഞാറുനടൽ ആവേശകരമായത്. പരമ്പരാഗത കർഷക വേഷമണിഞ്ഞ് ആർ. രാമചന്ദ്രൻ എം.എൽ.എയ്ക്കൊപ്പം കുട്ടികളും പാടത്തേക്കിറങ്ങി.
ഞാറ്റു പാട്ടുമായി കർഷകരും ഒപ്പം കൂടി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് ഡി. രാജൻ പഞ്ചായത്ത് അംഗങ്ങളായ കമർബാൻ, സുദർശനൻ, ശിവാനന്ദൻ, സീമ ചന്ദ്രൻ, കൃഷി ഓഫീസർ വി.ആർ. ബിനീഷ്, കുലശേഖരപുരം ഗവ. ഹൈസ്കൂളിലെയും ആദിനാട് ഗവ.യു.പി.എസിലെയും കുട്ടികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കാളികളായി.