പുനലൂർ: നഗരസഭയുടെ നിയന്ത്രണത്തിലുള്ള ട്രാഫിക് പരിഷ്കരണ കമ്മിറ്റിയുടെ തീരുമാനങ്ങൾ കാറ്റിൽപ്പറത്തി പുനലൂർ നഗരത്തിൽ അനധികൃത പാർക്കിംഗ് വ്യാപകം.
ദേശീയപാതയോരവും നടപ്പാതയും കൈയേറിയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. കാൽനട യാത്രികരാണ് ഇതിനാൽ ഏറെ വലയുന്നത്. കെ.എസ്.ആർ.ടി.സി ജംഗ്ഷൻ മുതൽ ചെമ്മന്തൂർ വരെയുള്ള പാതയോരത്തെ നടപ്പാതയാണ് ഇരുചക്രവാഹനങ്ങളടക്കം കൈയ്യടക്കിയത്.
ടൗണിൽ എത്തുന്ന കാൽനട യാത്രികാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ദേശീയ നഗരവികസന പദ്ധതിയുടെ ഭാഗമായാണ് 2.05 കോടി രൂപ ചെലവിൽ മൂന്ന് മാസം മുമ്പ് തറയോട് പാകി നടപ്പാത നവീകരിച്ചത്. ഇവിടെയാണ് വാഹനങ്ങളുടെ കുത്തകയായി മാറിയത്. ഇതോടെ നടപ്പാത ഉപേക്ഷിച്ച് റോഡിലൂടെ വേണം ജനങ്ങൾക്ക് സഞ്ചരിക്കാൻ. സ്കൂൾ വിദ്യാർത്ഥികൾക്കടക്കം ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇത് വഴിതെളിക്കുന്നുണ്ട്.
കൂടാതെ വ്യാപാരശാലകൾ നടപ്പാതകളിലേക്ക് സാധനങ്ങൾ ഇറക്കിവച്ച് കച്ചവടം ചെയ്യുന്നതും മറ്റൊരുപ്രശ്നമാണ്. ഇതും കാൽനടയാത്രികർക്ക് നടപ്പാത നിഷേധിക്കുന്ന തരത്തിലാണ് പോകുന്നത്. രാവിലെ 9 മുതൽ 11വരെയും വൈകിട്ട് 4മുതൽ 7വരെയുമുള്ള സമയത്താണ് ടൗണിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. ഈ സമയത്താണ് പ്രതിസന്ധി ഗുരുതരമാകുന്നത്. ഒപ്പം വ്യാപാര സ്ഥാപനങ്ങളിലെ കയറ്റിറക്കുകൂടിയാകുമ്പോൾ യാത്രക്കാരുടെ ക്ളേശം ഏറെ വർദ്ധിക്കും.
പരിഷ്കരണ കമ്മിറ്റി എന്തിന് ?
ഓണക്കാലത്തെ ഗതാഗതക്കുരുക്ക് തടയുന്നതിന് നഗരസഭയുടെ നേതൃത്വത്തിൽ എല്ലാ തവണയും ട്രാഫിക് പരിഷ്കരണ കമ്മിറ്റി രൂപീകരിക്കാറുണ്ട്. നഗരസഭയോടൊപ്പം മറ്റ് വകുപ്പുകളും ഇതിൽ പങ്കാളികളാണ്. എന്നാൽ യോഗം ചേർന്ന് തീരുമാനങ്ങൾ എടുക്കുന്നതല്ലാതെ തുടർ നടപടികൾ ഉണ്ടാകാറില്ല. ഇതാണ് ടൗണിലെ അനധികൃത വാഹന പാർക്കിംഗും ഗതാഗതക്കുരുക്കും വർദ്ധിക്കാൻ മുഖ്യകാരണമെന്നാണ് ആരോപണം.