കൊട്ടാരക്കര: നാടൻ പാട്ടിന്റെയും കൊയ്ത്തുപാട്ടിന്റെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ സദാനന്ദപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ
പാഠം ഒന്ന് പാടത്തേക്ക് പദ്ധതിക്ക് തുടക്കമായി. വായ്‌ക്കുരവയും വായ്‌ത്താരിയുമായി ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങുകാണാൻ ഒട്ടേറെ പേർ എത്തിയിരുന്നു. നിലമൊരുക്കൽ, വിത്തുവിതയ്ക്കൽ, കളപറിക്കൽ, വളമിടീൽ, ഞാറുപിരിക്കൽ, ഞാറു നടീൽ തുടങ്ങിയ കാർഷിക പ്രവർത്തനങ്ങൾ പഠന അടുത്തറിയാനായി വെട്ടിക്കവല കൃഷി ഭവന്റെ നേതൃത്വത്തിൽ ഏലായിൽ വിവിധ ഭാഗങ്ങളിലായി വിദ്യാർത്ഥികൾക്ക് സൗകര്യം ഒരുക്കിയിരുന്നു.
കാർഷിക വികസന വകുപ്പും കർഷക ക്ഷേമ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച പദ്ധതിയുടെ വെട്ടിക്കവല പഞ്ചായത്തുതല പരിപാടിയാണ് സദാനന്ദപുരം ഗവ. ഹൈസ്‌ക്കൂളിലും മേക്കോട്ട് ഏലായിലുമായി നടന്നത്.
ജില്ലാ പഞ്ചായത്ത് അംഗം സരോജിനി ബാബു പദ്ധതി ഉദ്ഘാടനം ചെയ്തു. കൃഷി അസി. ഡയറക്ടർ പി.വി. അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.പി. സജീവ്, ഷീജ സേതുനാഥ്, കൃഷി ഓഫീസർ സോണിയ, ഓമനക്കുട്ടി, ടി.എസ്. ജയചന്ദ്രൻ, സാബു ജോൺ, കെ. രാജൻ, ഷാജി ചെമ്പകശ്ശേരി, കെ.ഒ. രാജുക്കുട്ടി, ബി. സൂരജ്, സൂസൻ ഡാനിയേൽ, ചന്ദ്രഭാനു, ജി. അനിൽകുമാർ എന്നിവർ സംസാരിച്ചു.