ഒരാൾക്ക് നിസാര പരിക്ക്
പന്തലിലുണ്ടായിരുന്ന സ്ത്രീകളടക്കം എട്ട് പേർ ഓടി രക്ഷപ്പെട്ടു
കൊല്ലം: ആശ്രാമം മൈതാനത്ത് ഹെലികോപ്ടർ ട്രയൽ ലാൻഡിംഗ് നടത്തുന്നതിനിടെ ശക്തമായ കാറ്റിൽപ്പെട്ട് വിപണനമേളയുടെ പന്തൽ തകർന്ന് ഒരാൾക്ക് നിസാര പരിക്കേറ്റു. പോളയത്തോട് സ്വദേശി നിസാറിനാണ് പരിക്കേറ്റത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദർശനത്തിന്റെ മുന്നൊരുക്കമെന്ന നിലയിലായിരുന്നു ലാൻഡിംഗ്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഹെലികോപ്ടർ ലാൻഡ് ചെയ്യുന്നതിനിടെ ഫാനിന്റെ ശക്തമായ കാറ്റിൽപ്പെട്ട് പന്തൽ പൂർണമായും നിലംപൊത്തി. ഓണത്തോടനുബന്ധിച്ച് തുടങ്ങിയ വിപണനമേള ചൊവ്വാഴ്ച അവസാനിച്ചിരുന്നു. സാധനങ്ങൾ കൊണ്ടുപോകാനായി പരിക്കേറ്റ നിസാറിന് പുറമെ സ്ത്രീകളടക്കം എട്ട് പേർ പന്തലിലുണ്ടായിരുന്നു. ഹെലികോപ്റ്റർ കാണാൻ ഉള്ളിലുള്ളവർ പുറത്തിറങ്ങിയ സമയത്താണ് തകർന്നു വീണത്. അതിനാൽ വൻദുരന്തമാണ് ഒഴിവായത്. പന്തൽ തകരുന്നത് കണ്ട് ഓടുന്നതിനിടെ വീണാണ് നിസാറിന് പരിക്കേറ്റത്.
തൂണുകൾ ആഴത്തിൽ ഉറപ്പിക്കാത്തതാണ് തകര ഷീറ്റ് മേഞ്ഞ പന്തൽ തകരാൻ കാരണമെന്ന് കരുതുന്നു. അനുമതി ലഭിച്ച സമയം കഴിഞ്ഞതിനാൽ എത്രയും വേഗം പൊളിച്ചുനീക്കണമെന്ന് പൊലീസ് വിപണനമേള നടത്തിപ്പുകാർക്ക് നിർദ്ദേശം നൽകിയിരുന്നു. തൊട്ടടുത്ത് വേറെയും വിപണന ഷെഡുകൾ ഉണ്ടായിരുന്നെങ്കിലും അവയ്ക്ക് കേടുപാട് സംഭവിച്ചില്ല.