kerala-chicken
കേരളാ ചിക്കൻ പദ്ധതി പ്രകാരം കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ സംഘടിപ്പിച്ച ഇറച്ചിക്കോഴി വളർത്തൽ ത്രിദിന പരിശീലന പരിപാടിയോടനുബന്ധിച്ച് കർഷകർക്കുള്ള സമ്മാനകിറ്റുകൾ എം.എൽ.എ വിതരണം ചെയ്യുന്നു. പരിശീലന കേന്ദ്രം അസി. ഡയറക്ടർ ഡോ. ഡി. ഷൈൻകുമാർ സമീപം

കൊല്ലം: കേരളാ ചിക്കൻ പദ്ധതി പ്രകാരം സർക്കാർ ആരംഭിക്കുന്ന 1200 ഫാമുകളിൽ 100 എണ്ണം കൊല്ലത്ത് തുടങ്ങാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് എം. നൗഷാദ് എം.എൽ.എ പറഞ്ഞു. കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ സംഘടിപ്പിച്ച ഇറച്ചിക്കോഴി വളർത്തൽ ത്രിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പദ്ധതിക്കായി കുടുംബശ്രീ ബ്രോയ്ലർ ഫാമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി സർക്കാർ രൂപീകരിച്ചിട്ടുണ്ട്. ഫാമുകൾ ആരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാൻ 30 ശതമാനം സബ്സിഡി നൽകും. 10 ലക്ഷം രൂപ വരെയുള്ള ബാങ്ക് വായ്പകൾ ഈടില്ലാതെ കർഷകർക്ക് ലഭ്യമാക്കാൻ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുമായും ബാങ്ക് ഒഫ് ഇന്ത്യയുമായും സർക്കാർ കരാറിലേർപ്പെട്ടിട്ടുണ്ട്. അടുത്ത 5 വർഷത്തേയ്ക്ക് സ്ഥിരമായ നിരക്കിൽ കോഴിയിറച്ചി വിപണിയിലെത്തിക്കുവാനും സർക്കാർ ലക്ഷ്യമിടുന്നതായും എം.എൽ.എ പറഞ്ഞു.

ജില്ലാ പഞ്ചായത്തംഗം എൻ. രവീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. പരിശീലന കേന്ദ്രം അസി. ഡയറക്ടർ ഡോ. ഡി. ഷൈൻകുമാർ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. കെ.കെ. തോമസ്, അസി. ഡയറക്ടർമാരായ ഡോ. ബി. അജിത് ബാബു, ഡോ. കെ. മോഹനൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കർഷകർക്കുള്ള സമ്മാന കിറ്റുകൾ എം.എൽ.എ വിതരണം ചെയ്തു.