parithisthi
പരിസ്ഥിതി സംരക്ഷണം പ്രശ്‌നങ്ങളും പ്രതിവിധിയും' എന്ന വിഷയത്തിൽ സി.ആർ. നീലകണ്ഠൻ സംസാരിക്കുന്നു. വേദിയിൽ ഡോ.എൻ. വിശ്വരാജൻ, ഡോ. പുനലൂർ സോമരാജൻ തുടങ്ങിയവർ

കൊല്ലം: കുടവട്ടൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ അഡ്വാൻസ്ഡ് റിസർച്ച് ഇൻ ഹ്യൂമാനിറ്റീസ് ആൻഡ് സയൻസ് (സി.ആർ.എച്ച്.എസ് ) പഠനഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സെമിനാറും പ്രതിഭാ സായാഹവും നടത്തി. ഓടനാവട്ടം കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ ഡോ. ജി . സഹദേവൻ ഉദ്ഘാടനം ചെയ്തു. സി.ആർ.എച്ച്.എസ് പ്രസിഡന്റ് ഡോ.എൻ. വിശ്വരാജൻ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി ശാസ്ത്രജ്ഞൻ സി.ആർ. നീലകണ്ഠൻ 'പരിസ്ഥിതി സംരക്ഷണം പ്രശ്‌നങ്ങളും പ്രതിവിധിയും " എന്ന വിഷയത്തെ ആസ്പദമാക്കി പ്രബന്ധം അവതരിപ്പിച്ചു.

പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി ജില്ലാ കൺവീനർ അഡ്വ. വി.കെ. സന്തോഷ്‌കുമാർ ചർച്ച ഉദ്ഘാടനം ചെയ്തു. ഡോ.കെ. മുരളീധരൻനായർ, കെ. സന്തോഷ്‌കുമാർ, അജയൻ തുടങ്ങിയവർ സംസാരിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ മതേതര ജീവകാരുണ്യ കുടുംബമായ പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനെ അനുകമ്പാ പുരസ്‌കാരം നൽകി ആദരിച്ചു. സി. ആർ. നീലകണ്ഠന് പരിസ്ഥിതി പുരസ്കാരവും ഷിപ്പ് ടെക്‌നോളജിയിൽ ഡോക്ടറേറ്റ് നേടിയ ഡോ. എസ്. ജയറാമിനും സംസ്‌കൃതം വേദാന്തത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. ബേരാ ആർ. ഉദയ്‌ക്കും യു.ജി.സി നെറ്റ് ജെ.ആർ.എഫ് നേടിയ പി.ആർ. ശംഭുരാജിനും അക്ഷര പുരസ്കാരവും സമ്മാനിച്ചു. സി.ആർ.എച്ച്.എസ്‌ ജോ.സെക്രട്ടറി കുഞ്ഞച്ചൻ പരുത്തിയറ സ്വാഗതവും അജയൻ നന്ദിയും പറഞ്ഞു.