agriculture
പാഠം ഒന്ന് പാടത്തേക്ക്, പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിക്കുന്നു

ചാത്തന്നൂർ: സംസ്ഥാന വിദ്യാഭ്യാസ വകുപ്പും കൃഷി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന 'പാഠം ഒന്ന്, പാടത്തേക്ക്' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു. കൈലിമുണ്ടും ബനിയനും പാളത്തൊപ്പിയും ധരിച്ച് കർഷക വേഷത്തിലാണ് എം.എൽ.എ വിളക്ക് കൊളുത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചത്. കാർഷികവൃത്തി അഭിമാനത്തോടെയും ആവേശത്തോടെയും കാണുന്ന കുട്ടികളെ സൃഷ്ടിക്കാനും കുട്ടിക്കാലം മുതലേ കൃഷിയോടുള്ള താത്പര്യം വളർത്തിയെടുക്കാനുമാണ് പദ്ധതിയെന്ന് എം.എൽ.എ പറഞ്ഞു.

ഉദ്ഘാടന ചടങ്ങിനുശേഷം ചിറക്കര പഞ്ചായത്തിലെ വിവിധ സ്‌കൂളിൽ നിന്നുള്ള കുട്ടികൾ കൊയ്ത്തുപാട്ടിന്റെ അകമ്പടിയോടെ എം.എൽ.എയുടെ നേതൃത്വത്തിൽ പാടത്ത് ഞാറ് നട്ടു. ജില്ലയിലെ എല്ലാ കൃഷിഭവനുകളുടെ നേതൃത്വത്തിലും സ്‌കൂളുകളെ പങ്കെടുപ്പിച്ച് പദ്ധതി ആരംഭിച്ചതായി ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സിബി ജോസഫ് പേരയിൽ പറഞ്ഞു.

ചിറക്കര ഏലായിൽ നടന്ന ചടങ്ങിൽ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സിബി ജോഫസ് പേരയിൽ പദ്ധതി വിശദീകരണം നടത്തി. പരവൂർ നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ്‌, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ജയപ്രകാശ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അംബികാകുമാരി, നിർമ്മല വർഗീസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ തേജസീഭായി, അസി. ഡയറക്ടർ ഷിബുകുമാർ, ചിറക്കര കൃഷി ഓഫീസർ ഷെറിൻ എ. സലാം, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു. ചിറക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ടി.ആർ. ദീപു സ്വാഗതം പറഞ്ഞു. സംഘാടകരും വിദ്യാർത്ഥികളും ചിറക്കര ക്ഷേത്രം ജംഗ്ഷനിൽ നിന്ന് ഘോഷയാത്രയായാണ് ചിറക്കര ഏലായിലെത്തിയത്.