പത്തനാപുരം: വിളക്കുട്ടി വില്ലേജ് ഓഫീസിൽ നിന്ന് സ്കെച്ചും പ്ളാനും നൽകാത്തതിനാൽ പട്ടാഴി മെതുകുമ്മേൽ തടിക്കാട് റോഡിന്റെ കുന്നിക്കോട് ഭാഗത്തെ നിർമ്മാണം പാതിവഴിയിൽ നിലച്ച മട്ടിൽ. വിളക്കുടി വില്ലേജ് ഓഫീസിന്റെ പരിധിയിൽ വരുന്ന ഈ പ്രദേശത്ത് രണ്ടര കിലോമീറ്ററോളം വരുന്ന റോഡിന്റെ നിർമ്മാണത്തിനായി സർവേ നടത്തി സ്ഥലമേറ്റെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
സ്ഥലത്തിന്റെ സ്കെച്ചും പ്ളാനും വില്ലേജ് ഓഫീസിൽ കാണാത്തതിനാലാണ് സർവേ നടത്താൻ കഴിയാത്തതെന്നാണ് വില്ലേജ് അധികൃതരുടെ വാദം. രണ്ട് മാസത്തോളം കാത്തിരുന്നിട്ടും ഇത് കണ്ടുകിട്ടിയിട്ടില്ല. അതേസമയം സ്ഥലമേറ്റെടുപ്പ് വന്നാൽ വമ്പൻമാരുടെ വസ്തുക്കൾ ഏറ്റെടുക്കേണ്ടി വരുമെന്നതിനാൽ സ്കെച്ചും പ്ലാനും നഷ്ടപെട്ടതായി ഉദ്യോഗസ്ഥർ കളവ് പറയുന്നതായുള്ള ആരോപണവും ശക്തമാണ്.
മറ്റ് സ്ഥലങ്ങളിൽ നിർമ്മാണം പുരോഗമിക്കുന്നു
മെതുകുമ്മേലിൽ നിന്ന് തുടങ്ങി പത്തനാപുരം മണ്ഡലത്തിലെ പട്ടാഴി, തലവൂർ, വിളക്കുടി, വെട്ടിക്കവല പഞ്ചായത്ത് കഴിഞ്ഞ് പുനലൂർ മണ്ഡലത്തിലെ തടിക്കാട് വരെയാണ് ഉന്നതനിലവാരത്തിൽ പുതിയ റോഡ് നിർമ്മിക്കുന്നത്. 13 മീറ്ററോളം വീതിയിൽ പണികഴിപ്പിക്കുന്ന റോഡിന്റെ ഇരുവശവും ഓടയും കലുങ്ങും ഉൾപ്പെടെ നിർമ്മിക്കുന്നതാണ് പദ്ധതി. മറ്റെല്ലാ വില്ലേജുകളിലും സർവേ നടത്തി 29 കിലോമീറ്ററോളം ഭാഗത്ത് 50 കോടിയോളം രൂപ മുടക്കി സ്ഥലം ഏറ്റെടുത്തു. ഇവിടെയെല്ലാം റോഡ് നിർമ്മാണം പുരോഗമിക്കുകയുമാണ്.
നിലവാരം കുറയുമെന്ന് ആശങ്ക
വിളക്കുടി വില്ലേജ് അധികൃതരുടെ അനാസ്ഥ മൂലം കുന്നിക്കോട് ഭാഗത്തെ റോഡ് നിർമ്മാണത്തിന്റെ നിലവാരം കുറയുമെന്ന ആശങ്കയിലാണ് നാട്ടുകാർ. സ്ഥലമേറ്റെടുക്കാത്തതിനാൽ ഈ ഭാഗത്ത് ഓടയോ കലുംഗോ നിർമ്മിക്കാതെ മെറ്റൽ നിരത്തി ടാറിംഗ് നടത്താൻ കരാറുകാരന് നിർദ്ദേശം ലഭിച്ചിരിക്കുകയാണ്. വിഷയം എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന ആരോപണവുമുണ്ട്.
നവീകരിക്കുന്നത്: 29 കി.മീ
ചെലവ്: 42 കോടി രൂപ
പ്രശ്നത്തിലായത്: 2.5 കി.മീ