pathanapuram
വഴങ്ങോട് ഏലായിൽ നടന്ന കൊയ്ത്ത് ഉത്സവം

പത്തനാപുരം: കൃഷിവകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതി പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ വഴങ്ങോട് ഏലായിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ്‌ ലതാ സോമരാജൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുധാ വസന്തൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. നളിനാക്ഷൻ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. കൊയ്‌ത്തു പാട്ടിന്റെയും വായ്‌ത്താരിയുടെയും അകമ്പടിയോടെ ഒന്നാംവിളയുടെ കൊയ്‌ത്തും രണ്ടാംവിളയ്ക്കുള്ള നിലമൊരുക്കലും നടന്നു.

കൃഷി ഓഫീസർ രേഷ്‌മ രമേശ്, അദ്ധ്യാപകരായ പ്രസന്നകുമാരി, പ്രവീൺ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ഏലാവികസന സമിതി അംഗങ്ങൾ, പുന്നല ഗവ.ഹയർ സെക്കൻഡറി സ്കൂൾ, കറവൂർ ഗവ. എൽ.പി.എസ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ അദ്ധ്യാപകർ, കർഷകർ, കൃഷിഭവൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.