കൊല്ലം: മാതാ അമൃതാനന്ദമയിയുടെ 66-ാമത് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യാൻ കേന്ദ്ര പ്രതിരോധ മന്ത്റി രാജ്നാഥ് സിംഗ് ഉച്ചയ്ക്ക് 12.15ന് അമൃതപുരിയിലെത്തും. 11മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഹെലികോപ്റ്ററിൽ അമൃതപുരി അമൃത എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ഹെലിപ്പാഡിൽ ഇറങ്ങും. ജന്മദിനാഘോഷ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തശേഷം തിരുവനന്തപുരത്തേക്ക് മടങ്ങും. കേന്ദ്ര പ്രതിരോധ മന്ത്രിയുടെ സന്ദർശനാർത്ഥം വൻ സുരക്ഷയാണ് അമൃതപുരിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ മുതൽ അമൃതപുരിയിലെ ആഘോഷവേദിയും പരിസരവും സുരക്ഷാ സേനയുടെ കർശന നിയന്ത്രണത്തിലാണ്. രാജ്നാഥ് സിംഗുമായെത്തുന്ന ഹെലികോപ്റ്റർ അമൃതപുരിയിൽ ഇറക്കാനാണ് തീരുമാനമെങ്കിലും മഴ ശക്തമായാൽ ബുദ്ധിമുട്ടാകും. അതിനാൽ കൊല്ലം ആശ്രാമത്തെ ഹെലിപ്പാഡും സജ്ജമാക്കിയിട്ടുണ്ട്. രണ്ടിടത്തും ഇന്നലെ പരീക്ഷണാർത്ഥം ഹെലികോപ്റ്ററുകൾ ഇറക്കിയിരുന്നു.