കുന്നത്തൂർ: സ്കൂളിന് സമീപം വിദ്യാർത്ഥിയെ ഇടിച്ചു വീഴ്ത്തിയ ശേഷം ബൈക്കുകാരൻ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാതെ കടന്നുകളഞ്ഞു. പോരുവഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ശൂരനാട് വടക്ക് വയലിൽകര പുത്തൻവീട്ടിൽ സജിയുടെ മകൻ സുൽത്താൻഷായെ ആണ് (12) ബുള്ളറ്റ് ബൈക്ക് ഇടിച്ചു വീഴ്‌ത്തിയത്. റോഡിൽ വീണ കുട്ടിക്ക് കൈയ്ക്ക് പൊട്ടലുണ്ട്.
സ്കൂളിന് സമീപത്തെ റോഡിലൂടെ നടന്നു പോകുകയായിരുന്ന വിദ്യാർത്ഥിയെ അമിതവേഗതയിൽ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്തു വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകട ശേഷം ബൈക്ക് നിർത്താതെ ഓടിച്ചു പോയി. കുട്ടിയെ ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇത് സംബന്ധിച്ച് മാതാവ് ഷമീമ ശൂരനാട് പൊലീസിൽ പരാതി നൽകി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും ശൂരനാട് പൊലീസ് അറിയിച്ചു.