കുണ്ടറ: സംസ്ഥാന വിദ്യാഭ്യാസ വകുപ്പും കൃഷി വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന 'പാഠം ഒന്ന് പാടത്തേക്ക്' പദ്ധതിയുടെ കുണ്ടറ വിദ്യാഭ്യാസ ഉപജില്ലാതല ഉദ്ഘാടനം കുരീപ്പള്ളി എസ്.എ.ബി.ടി.എം.യു.പി സ്‌കൂളിൽ ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ജലജാ ഗോപൻ നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൽ. രമ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ സജി കുമാർ പദ്ധതി വിശദീകരണം നടത്തി. ചടങ്ങിൽ കുട്ടികൾ തയ്യാറാക്കിയ കാർഷിക പതിപ്പിന്റെ പ്രകാശനം ബ്ലോക്ക് പ്രോഗ്രാം ഓഫിസർ കെ.ജി. തങ്കച്ചൻ നിർവ്വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷെഫീക്ക്, അനിൽകുമാർ, പി.ടി.എ പ്രസിഡന്റ് ഡി. പ്രസാദ്, പ്രഥമാദ്ധ്യപിക നസീമ ബീവി, സ്‌കൂൾ മാനേജർ അബ്ദുൽ വാഹിദ്, സീനിയർ അസിസ്റ്റന്റ് ഐ. മിനി എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്‌കൂളിൽ നടപ്പിലാക്കി വരുന്ന 'എന്റെ നെന്മണിപ്പാടം' കരനെല്ല് കൃഷിയുടെ പരിചരണവും നടന്നു.