പരവൂർ: പരവൂർ നഗരസഭയുടെ പുതിയിടം വാർഡിൽ മാസങ്ങളായി തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതിൽ പ്രതിഷേധിച്ച് വാർഡ് കൗൺസിലർ സതീഷ് വാവറയുടെ നേതൃത്വത്തിൽ നാട്ടുകാർ വൈദ്യുതി പോസ്റ്റുകളിൽ പന്തം കൊളുത്തി വച്ചു. കൗൺസിൽ യോഗത്തിൽ വാർഡിലെ തെരുവ് വിളക്കുകളുടെ പ്രശ്നം ഉന്നയിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തതായി കൗൺസിലർ പറഞ്ഞു.
നിരവധി തവണ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും പുതിയിടം വാർഡ്, പി.ഡബ്ലിയു.ഡി റോഡിലെ ഭൂതനാഥ ക്ഷേത്രം വളവ്, കുട്ടൂർപാലം ട്രാൻസ്‍ഫോർമർ, കാപ്പിൽ ബീച്ച് പരിസരങ്ങളിലെ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. വരും ദിവസങ്ങളിൽ നഗരസഭാ ഓഫീസിന് മുന്നിൽ സമരം സംഘടിപ്പിക്കുമെന്ന് കൗൺസിലറും നാട്ടുകാരും അറിയിച്ചു.