കുണ്ടറ: പിറവം പള്ളിയിൽ വൈദികരെയും വിശ്വാസികളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മലങ്കര യാക്കോബായ സുറിയാനി സഭ കൊല്ലം ഭദ്രാസന വൈദിക സംഘത്തിന്റെ നേതൃത്വത്തിൽ കുണ്ടറയിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി.
ആറുമുറിക്കട സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നിന്ന് ആരംഭിച്ച പ്രതിഷേധറാലി ആശുപത്രി മുക്കിലെത്തിയ ശേഷം പള്ളിയിൽ സമാപിച്ചു. ഓർത്തഡോക്സ് വിഭാഗത്തിന്റെ കുണ്ടറ വലിയപള്ളിക്ക് മുന്നിൽ ശക്തമായ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നതിനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. തുടർന്ന് പള്ളിയിൽ നടന്ന പ്രതിഷേധ സമ്മേളനം യൂഹനോൻ മാർ മിലിത്തിയോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. ഇടവക വികാരി സി. ജോർജ്ജ് എള്ളുവിള അദ്ധ്യക്ഷത വഹിച്ചു. സ്റ്റീഫൻ എബ്രഹാം കോർ എപ്പിസ്കോപ്പ, ഗീവർഗീസ് കോണത്ത് കോർ എപ്പിസ്കോപ്പ, ഫാ. സാബു സാമുവൽ, ഫാ. ടി.വി. പുന്നൂസ് തരകൻ, ഫാ. പോൾ മാത്യു എന്നിവർ സംസാരിച്ചു. ഫാ. ഗീവർഗീസ് തരകൻ, ഫാ. ഗീവർഗീസ് ബ്ളാവേത്ത്, ഫാ. രാജു ജോൺ, ഫാ. ആബു ടി. സ്കറിയ, ഫാ. ജോജോ സ്കറിയ, ഫാ. ജോസഫ് സ്റ്റീഫൻ, ജനുവിൻ ജയിംസ്, കെ.സി. ജോൺ, മോഹൻ മത്തായി, പി.എം. ഷാജി തുടങ്ങിയവർ നേതൃത്വം നൽകി. അഞ്ഞൂറോളം വിശ്വാസികളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.