പല്ല് പുളിപ്പ് അഥവാ ഡെന്റൽ ഹൈപ്പർ സെൻസിറ്റിവിറ്റി ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്നതാണ്. തണുത്തത് അല്ലെങ്കിൽ ചൂടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുമ്പോൾ പല്ലുകളിൽ അമിതമായി വേദന അനുഭവപ്പെടുന്നുണ്ടോ? ഇതിന് കാരണം പല്ലുകളിലെ ഇനാമലിന് ഉണ്ടാകുന്ന തേയ്മാനമാണ്. പല്ല് പുളിപ്പ് അനുഭവപ്പെടുന്നത് അമിതമായി ചൂടുള്ളതോ - തണുത്തതോ ആയ ഭക്ഷണം, അസിഡിക് പാനീയങ്ങൾ, തണുത്ത കാറ്റ്, മധുര പലഹാരങ്ങൾ എന്നിവകൊണ്ടാണ്. ജന്മനാ ഉള്ള ഇനാമലിന്റെ കട്ടിക്കുറവും പുളിപ്പിന് കാരണമാകാം.
ഇനാമലിന്റെ തേയ്മാനത്തിന് കാരണം
അമിത ബലം ഉപയോഗിച്ച് പല്ല് തേയ്ക്കുന്നത്
സ്ഥിരമായി ഹാർഡ് ബ്രഷ് ഉപയോഗിക്കുന്നത്
ഉറക്കത്തിൽ പല്ല് കടിക്കുന്ന സ്വഭാവമുള്ളത്
സ്ഥിരമായി അസിഡിക് പാനീയങ്ങൾ ശീലമാക്കുന്നത്
ശാസ്ത്രീയ വശം
പല്ലിന്റെ ഇനാമലിന്റെ കട്ടി കുറയുകയും അതിന്റെ താഴെയായി ഉള്ള ഡെൻറ്റിൻ എന്ന ലെയർ പുറന്തള്ളപ്പെടുകയും ചെയ്യുമ്പോഴാണ് മോണരോഗം ഉള്ളവർക്കും പല്ല് പുളിപ്പ് അനുഭവപ്പെടുന്നത്. വായ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ മോണരോഗം പിടിപെടും. മോണയുടെ ഒരുഭാഗം താഴേക്ക് വലിയുകയും ചെയ്യും. ഇതിന് ജീൻജൈവൽ റെസിഷൻ എന്നാണ് പറയുന്നത്. ഇങ്ങനെ സംഭവിക്കുമ്പോൾ പല്ലിന്റെ വേരുകൾ പുറന്തള്ളപ്പെടുകയും പുളിപ്പ് അനുഭവപ്പെടുകയും ചെയ്യും.
മോണരോഗം
മോണരോഗം മാറുന്നതിന് ആറുമാസം കൂടുമ്പോൾ സ്കേലീം അഥവാ പല്ലുകൾ ദന്തഡോക്ടറുടെ സഹായത്തോടെ വൃത്തിയാക്കേണ്ടതാണ്. എങ്കിൽ മാത്രമേ മോണകളുടെ ആരോഗ്യം സംരക്ഷിക്കാനാകൂ. പ്രമേഹരോഗികൾക്ക് മോണരോഗം സാധാരണയായി കണ്ടുവരാറുണ്ട്. പല്ല് പുളിപ്പിന്റെ മറ്റൊരു പ്രധാന കാരണം തെറ്റായ പല്ലുതേപ്പാണ്. അമിത ബലം പ്രയോഗിച്ച് ബ്രഷുകൊണ്ട് പല്ല് വൃത്തിയാക്കുന്നത് ഇനാമലിന് തേയ്മാനം വരുത്തുകയും പുളിപ്പിന് കാരണമാവുകയും ചെയ്യുന്നു. പല്ലിന്റെ നല്ലൊരു ഭാഗം പൊട്ടിപ്പോയാലും പുളിപ്പുണ്ടാകാം.
ആരോഗ്യകരമായ രീതി
വിപണയിൽ ഹാർഡ്, സോഫ്റ്റ്, മീഡിയം ബ്രഷുകൾ ലഭ്യമാണ്. പല്ല് പുളിപ്പ് ഉള്ള വ്യക്തി സോഫ്റ്റ് ബ്രഷ് ഉപയോഗിക്കുന്നതാണ് ഉത്തമം. മൂന്ന് മാസം കൂടുമ്പോൾ ബ്രഷ് മാറ്റണം. കൂടാതെ ആരോഗ്യകരമായ ഭക്ഷണരീതി ശീലമാക്കുന്നതുവഴി പല്ല് പുളിപ്പ് വരാതിരിക്കാൻ സഹായിക്കും.
ചികിത്സാ രീതി
ഒരു പരിധിവരെ ചികിത്സ വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്. വിപണിയിൽ ലഭ്യമായ പലതരം ഡെൻസെന്റിസിംഗ് ടൂത്ത് പേസ്റ്റുകൾ ഉപയോഗിക്കാം. എങ്കിലും ഒരു ദന്തൽ ഡോക്ടറുടെ അഭിപ്രായം തേടി ശരിയായ ചികിത്സരീതി കൈക്കൊള്ളണം.
ഡോ.ബിൻസി അഫ്സൽ,
ജൂനിയർ റസിഡന്റ്,
ചലഞ്ചർ ലേസർ സ്പെഷ്യാലിറ്റി
ഡെന്റൽ ക്ളിനിക്
കരുനാഗപ്പള്ളി
ഫോൺ: 8547346615.