കൊല്ലം: റിട്ട. അദ്ധ്യാപകനായ കുമ്പളം പേരയം പ്ളാപറമ്പിൽ സഖറിയാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പേരയം മുളവന ഞാറ്റുകപ്പള്ളി വീട്ടിൽ പ്രദീപ് കുമാറിന് ജീവപര്യന്തം തടവ്. ഇതിനൊപ്പം ഒരു ലക്ഷം രൂപ പിഴയും കൊല്ലം അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി-4 ജഡ്ജി എസ്. കൃഷ്ണകുമാർ ശിക്ഷ വിധിച്ചു.
2011 നവംബർ 19ന് പുലർച്ചെ 1.30നാണ് കുമ്പളം ബസ് സ്റ്റാൻഡിൽ പരിക്കേറ്റ
നിലയിൽ സഖറിയാസിനെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. തൊട്ടടുത്ത ദിവസം തന്നെ പ്രതിയെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സാഹചര്യ തെളിവുകളും, ഡി.എൻ.എ ഫലവുമാണ് പ്രോസിക്യൂഷൻ പ്രതിക്കെതിരെ തെളിവായി സമർപ്പിച്ചത്.
സംഭവദിവസം രാത്രി 11.30 മണിയോടെ പ്രതിയെ സഖറിയാസിനൊപ്പം കണ്ടെന്ന സാക്ഷിമൊഴിയും അറസ്റ്റ് ചെയ്തപ്പോൾ പ്രതി ധരിച്ചിരുന്ന വസ്ത്രത്തിൽ കണ്ട രക്തവും മരിച്ച സഖറിയാസിന്റെ വസ്ത്രത്തിലെ രക്തവും ഒന്നാണെന്ന ഡിഎൻ.എ. പരിശോധനാ ഫലവും കണക്കിലെടുത്താണ് ശിക്ഷ. കുണ്ടറ സി.ഐ ആയിരുന്ന അമ്മിണിക്കുട്ടൻ അന്വേഷിച്ച കേസിൽ കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി അബ്ദുൾറാഷിയാണ് കുറ്റപത്രം സമർപ്പിച്ചത്.