എസ്.എസ് സമിതിയിലെത്തുന്നത് ഏഴ് വർഷം മുമ്പ്
കൊല്ലം: മാനസികാരോഗ്യം തിരികെ വീണ്ടെടുത്ത് എസ്.എസ് സമിതി അഭയകേന്ദ്രത്തിലെ അന്തേവാസി പണ്ഡേരി സ്വദേശമായ തമിഴ്നാട്ടിലേക്ക് യാത്രയായി. അമ്പതുകാരനായ പണ്ഡേരിയെ ഏഴു വർഷം മുമ്പാണ് സമിതി ഏറ്റെടുക്കുന്നത്.
ചിന്നക്കടയിൽ മാനസിക വെല്ലുവിളി മൂലം ലക്ഷ്യമില്ലാതെ അലഞ്ഞുനടക്കുകയായിരുന്ന പണ്ഡേരിയെ ജില്ലാ ആശുപത്രി മാനസികാരോഗ്യ വിഭാഗത്തിലെ ചികിത്സയിലൂടെയും സമിതിയിലെ ശുശ്രൂഷയിലൂടെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. പണ്ഡേരിയിൽ നിന്ന് സ്വന്തം വീടിനെയും ബന്ധുക്കളെയും കുറിച്ചുള്ള വിവരങ്ങൾ മനസിലാക്കി സമിതി പ്രവർത്തകനായ മാത്യു വാഴക്കുളം പണ്ഡേരിയുടെ വീട്ടിൽ നേരിട്ടെത്തി വിവരം അറിയിച്ചു.
തമിഴ്നാട്ടിലെ വണ്ണാമലൈ ജില്ലയിൽ വന്തവാസി താലൂക്ക് തെല്ലാ പഞ്ചായത്തിലെ വൈലാമൂ ഗ്രാമത്തിലാണ് പാണ്ഡേരിയുടെ വീട്. അവിവാഹിതനായ പണ്ഡേരിക്ക് 2008 മുതൽ മാനസികരോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. വീടുവിട്ട് പോകുന്നതും തിരികെ എത്തുന്നതും പതിവായിരുന്നു. അക്കാലത്ത് ചെന്നൈയിലെ കീഴ്പ്പക്കം ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. 2011ലാണ് അവസാനമായി വീടുവിട്ടിറങ്ങിയത്. ബന്ധുക്കൾ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.
പിതാവ് രാമു നായിക്ക്, അമ്മ ചിന്നമ്മ എന്നിവർ മകന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു. സഹോദരൻ വീരരാഘവനും അദ്ദേഹത്തിന്റെ മകൻ സുകുമാറുമാണ് പണ്ഡേരിയെ നാട്ടിലേക്ക് കൊണ്ടുപോകാനായി സമിതിയിൽ എത്തിയത്.