photo
ഓച്ചിറ ശ്രീനാരായണ ഗുരുക്ഷേതത്തിൽ നടക്കുന്ന ശ്രീനാരായണ ധർമ്മ പ്രബോധന ധ്യാന യജ്ഞശാലയിൽ സ്ഥാപിക്കുന്നതിനുള്ള ദിവ്യജ്യോതിസും പീതപതാകയും ധ്യാന സമിതി ജനറൽ കൺവീനർ എ.സോമരാജൻ സമിതി ചെയർമാൻ കെ. സുശീലന് കൈമാറുന്നു.യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ശോഭനൻ സമീപം

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ നേതൃത്വത്തിൽ ഓച്ചിറ ശ്രീനാരായണ മഠത്തിൽ സംഘടിപ്പിക്കുന്ന ശ്രീനാരായണ ധർമ്മ പ്രബോധനത്തിനും ധ്യാനത്തിനും ഭക്തിനിർഭരമായ തുടക്കം. നാല് ദിവസമാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ധ്യാനസമിതി ചെയർമാനും കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റുമായ കെ. സുശീലൻ യജ്ഞാചാര്യൻ സ്വാമി ശിവബോധാനന്ദയെ പൂർണ്ണകുംഭം നൽകി ആദരിച്ചതോടെ പ്രബോധന പരിപാടികൾക്ക് തുടക്കമായി.

ധ്യാനസമിതി ജനറൽ കൺവീനർ എ. സോമരാജന്റെ നേതൃത്വത്തിൽ പഞ്ചശുദ്ധി വ്രതാനഷ്ഠാനത്തോടെ 501 പരിക്രമികളും ശ്രീനാരായണീയരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. തുടർന്ന് സസ്യാസി ശ്രേഷ്ഠരുടെ സാന്നിദ്ധ്യത്തിൽ ഗുരുക്ഷേത്രത്തിൽ മഹാശാന്തി ഹവനം നടത്തി. വൈകിട്ട് 4ന് യൂണിയൻ ആസ്ഥാനത്ത് യജ്ഞശാലയിലേക്കുള്ള ശ്രീനാരായണ ദിവ്യജ്യോതിസ് തെളിക്കലും പീതപതാക കൈമാറലും നടന്നു.

ഗുരുദേവ പ്രതിമയ്ക്ക് മുന്നിലുള്ള കെടാവിളക്കിൽ നിന്ന് യൂണിയൻ സെക്രട്ടറി എ. സോമരാജൻ ദിവ്യജ്യോതിസ് തെളിച്ച് പ്രസിഡന്റ് കെ. സുശീലന് കൈമാറി. ഇതോടൊപ്പം പീതപതാകയും നൽകി. തുടർന്ന് ശ്രീനാരായണ ധർമ്മസേനയുടെ അഞ്ച് പ്രവർത്തകർ ദിവ്യജ്യോതിസും വഹിച്ചുകൊണ്ട് ശ്രീനാരായണ ഗുരുക്ഷേത്രത്തിലേക്ക് പ്രയാണം ആരംഭിച്ചു.

യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ശോഭനൻ, യൂണിയൻ കൗൺസിലർമാരായ എല്ലയ്യത്ത് ചന്ദ്രൻ, എം. ചന്ദ്രൻ, ബി. കമലൻ, കള്ളേത്ത് ഗോപി, ക്ലാപ്പന ഷിബു, വനിതാസംഘം നേതാക്കളായ മധുകുമാരി, കെ.ജി. സ്മിത, ബി. പുഷ്പലത, യൂത്ത് മൂവ്മെന്റ് നേതാക്കളായ ശരത്ചന്ദ്രൻ, നീലികുളം സിബു എന്നിവർ നേതൃത്വം നൽകി. പീതപതാക കെട്ടിയ നൂറോളം ഇരുചക്ര വാഹനങ്ങൾ ദിവ്യജ്യോതിസിനെ അനുഗമിച്ചു. ഓച്ചിറ ശ്രീനാരായണ ഗുരുക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് കെ.സുശീലനിൽ നിന്ന് ദിവ്യജ്യോതിസും പീതപതാകയും സ്വാമി ശിവബോധാനന്ദ ഏറ്റുവാങ്ങി യജ്ഞശാലയിൽ സ്ഥാപിച്ചു. നൂറുകണക്കിന് ശാഖാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

ഇന്ന് രാവിലെ 9ന് ദിവ്യജ്യോതിസ് ദർശനം, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ശാരദാപൂജ, സമൂഹപ്രാർത്ഥന,​ 9.30മുതൽ ജപം, ധ്യാനം, ശ്രീനാരായണ ഗുരുദേവന്റെ തിരു അവതാരം എന്നീ വിഷയങ്ങളെക്കുറിച്ച് സ്വാമി ശിവബോധാനന്ദയുടെ ആത്മീയ പ്രഭാഷണം. ഉച്ചക്ക് 12ന് ശ്രീനാരായണ ധർമ്മപ്രബോധന ധ്യാന സന്ദേശ സമ്മേളനം എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും. ധ്യാനത്തിൽ പങ്കെടുക്കാനുള്ളവർ വ്രതാനുഷ്ഠാനങ്ങളോടെ രാവിലെ 8ന് ഗുരുക്ഷേത്രത്തിൽ എത്തിച്ചേരണമെന്ന് ധ്യാനസമിതി ചെയർമാൻ കെ. സുശീലനും ജനറൽ കൺവീനർ എ. സോമരാജനും അറിയിച്ചു.