കൊല്ലം: മാതാ അമൃതാനന്ദമയിയുടെ ആത്മീയ ജീവിതം ലോകത്തിന്റെയാകെ മോക്ഷത്തിനാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. അമ്മയുടെ 66-ാമത് പിറന്നാളാഘോഷം അമൃതപുരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അമ്മ എല്ലാവരും സുഖമായി ജീവിക്കാനുള്ള വഴിയൊരുക്കുന്നു. ആത്മീയാനുഭൂതിക്കൊപ്പം ക്ഷേമ, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അമൃതാനന്ദമയി ലോകത്തിന്റെയാകെ മാതാവായി മാറുകയാണ്.
രാജ്യസുരക്ഷയിലും അമ്മയ്ക്ക് പ്രത്യേക ശ്രദ്ധയുണ്ട്. അതുകൊണ്ടാണ് പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബത്തെ സഹായിക്കാൻ തയ്യാറായത്. ഇത് ആദ്യമല്ല. താൻ നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കെയും സേനയെ അമ്മ സഹായിച്ചിട്ടുണ്ട്. പുൽവാമയിൽ ഭീകരാക്രമണം ഉണ്ടായതിന്റെ തൊട്ടടുത്ത ദിവസം തന്നെ പാകിസ്ഥാന് ഇന്ത്യൻ സേന ശക്തമായ തിരിച്ചടി നൽകി. നാം ഒരു രാജ്യത്തെയും അങ്ങോട്ട് ചെന്ന് ആക്രമിക്കുകയില്ല. ഇങ്ങോട്ട് ഉപദ്രവിച്ചാൽ വെറുതെ വിടില്ലെന്ന പ്രധാനമന്ദ്രി മോദിയുടെ പ്രഖ്യാപനം രാജ്യത്തിനും സേനയ്ക്കും വലിയ ആത്മവിശ്വാസമാണ് പകർന്ന് നൽകിയത്.
സൈനികരുടെ സംരക്ഷണം ഓരോ ഭാരതീയന്റെയും കടമ
രാജ്യത്തിന്റെ പ്രതിരോധത്തെ ശക്തിയുക്തം മുന്നോട്ട് കൊണ്ടുപോകുന്ന സൈന്യത്തെ ആദരിക്കാത്ത സമൂഹത്തിന് ഒരിക്കലും ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിനായി ജീവൻ ബലിനൽകുന്ന ഓരോ സൈനികനും നമ്മളെപ്പോലെ മാതാപിതാക്കളും ഭാര്യയും മക്കളും സഹോദരങ്ങളുമുണ്ട്. അവരുടെ സംരക്ഷണം ഓരോ ഭാരതീയന്റെയും കടമയാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
പത്നി സാവിത്രി സിംഗും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരി സ്വാഗതം പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 40 സി.ആർ.പി.എഫ് ഭടന്മാരുടെ ഓരോ കുടുംബങ്ങൾക്കും അമ്മ വാഗ്ദാനം ചെയ്ത അഞ്ച് ലക്ഷം രൂപയുടെ ധനസഹായം രാജ്നാഥ് സിംഗ് വിതരണം ചെയ്തു. മാതാ അമൃതാനന്ദിമയി മഠത്തിന്റെ 2018 ലെ അമൃതകീർത്തി പുരസ്കാരം കെ. ശ്രീദേവിക്കും 2019 ലെ പുസ്കാരം വട്ടപ്പറമ്പിൽ ഗോപിനാഥപിള്ളയ്ക്കും കേന്ദ്രസഹമന്ത്രി അശ്വനി കുമാർ ചൗബേ സമ്മാനിച്ചു.
ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളുടെ സുരക്ഷയ്ക്കായി മഠം വികസിപ്പിച്ച ഓഷൻ നെറ്റ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ വിതരണം ചെയ്തു. കഴിഞ്ഞ പ്രളയത്തിൽ മരണമടഞ്ഞവരുടെ 120 കുടുംബങ്ങൾക്കുള്ള ധനസഹായം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വിതരണം ചെയ്തു. കേന്ദ്ര സഹമന്ത്രി അനുരാഗ് താക്കൂർ, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഒ. രാജഗോപാൽ, ആർ. രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
തീരദേശത്ത് ജാഗ്രത പുലർത്തണം: രാജ്നാഥ് സിംഗ്
കേരളത്തിന് അതിവിസ്തൃതമായ തീരമേഖലയാണുള്ളതെന്നും ബാഹ്യമായ ആക്രമണങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ശത്രുരാജ്യങ്ങളിലെ ചാരന്മാർ ഏപ്പോൾ വേണമെങ്കിലും നുഴഞ്ഞു കയറാൻ സാദ്ധ്യതയുണ്ട്. ഏത് സാഹചര്യത്തെയും നേരിടാൻ നാവിക സേനയും കോസ്റ്റ് ഗാർഡും സുസജ്ജമാണ്. നമ്മുടെ നാവികസേന രാജ്യത്തിന്റെ വിശാലമായ തീരദേശങ്ങളെ സംരക്ഷിക്കുന്നതിൽ അങ്ങേയറ്റം ജാഗ്രത പുലർത്തുമെന്ന് ഉറപ്പുനൽകുന്നതായും രാജ്നാഥ് സിംഗ് പറഞ്ഞു.