പുനലൂർ: കിഴക്കൻ മലയോരമേഖലയിലെ വനാതിർത്തിയോട് ചേർന്നുള്ള ജനവാസ മേഖലയിൽ സ്ഥാപിച്ചിരുന്ന സൗരോർജ്ജവേലികൾ തകർന്നതോടെ വന്യമൃഗശല്യം രൂക്ഷമായി. ഇതോടെ ജീവൻ കൈയ്യിൽപ്പിടിച്ചാണ് പ്രദേശവാസികൾ ഓരോ ദിവസവും തള്ളിനീക്കുന്നത്. പുനലൂർ, അച്ചൻകോവിൽ, തെന്മല, കോന്നി ഫോറസ്റ്റ് ഡിവിഷനുകളുടെ പരിധിയിൽ സ്ഥാപിച്ചിരുന്ന വേലികളാണ് തകർന്നത്. മൂന്ന് വർഷമായി ഈ സ്ഥിതി തുടരുകയാണ്.
ആന, പുലി, കാട്ടുപോത്ത്, കാട്ടുപന്നി അടക്കമുള്ളവയാണ് ജനവാസമേഖലയിലിറങ്ങി ഭീഷണി സൃഷ്ടിക്കുന്നത്. ജനങ്ങളെയും വളർത്തുമൃഗങ്ങളെയും ആക്രമിക്കുന്ന ഇവ വ്യാപക കൃഷിനാശവും വരുത്തുന്നു. ഇത് തടയുന്നതിനാണ് വർഷങ്ങൾക്ക് മുമ്പ് സൗരോർജ്ജ വേലി സ്ഥാപിച്ചത്. ഇതോടെ പ്രശ്നത്തിന് താത്കാലിക പരിഹാരം ഒരുങ്ങിയെങ്കിലും അറ്റകുറ്റപ്പണികൾ നടത്താതിരുന്നതോടെ പല സ്ഥലങ്ങളിലെയും വേലി തകർന്നു. ഇതോടെയാണ് ജനങ്ങൾ ഭീഷണിയുടെ നടുവിലായത്.
അച്ചൻകോവിൽ പടിഞ്ഞാറ് ഭാഗത്ത് ഇറങ്ങിയ പുലി വളർത്തുനായയെ കടിച്ചുകൊന്നതാണ് അവസാനത്തെ സംഭവം.
മുമ്പ് ഒറ്റക്കൽ, ഉപ്പുകുഴി, മുള്ളുമല, ചെറുകടവ്, മാമ്പഴത്തറ, ഇടപ്പാളയം, വെഞ്ച്വർ, 27മല, കുറവൻതാവളം, മാമ്പഴത്തറ തുടങ്ങിയ സ്ഥലങ്ങളിലും പുലി പശു, ആട്, നായ് അടക്കമുള്ള വളർത്തു മൃഗങ്ങളെ കൊന്നുതിന്നിരുന്നു. വനപാതയിലൂടെയുള്ള യാത്രക്കാരും ഏറെ ഭീതിയിലാണ്. കഴിഞ്ഞ ആഴ്ചയിൽ പുനലൂരിൽ നിന്ന് മാമ്പഴത്തറയിലേക്കുപോയ കെ.എസ്.ആർ.ടി.സി ബസിനുമുന്നിൽ കാട്ടാന മാർഗതടസം സൃഷ്ടിച്ചിരുന്നു. ഇരുചക്ര വാഹന യാത്രികരും ജീവൻ പണയംവച്ചാണ് ഇതുവഴി സഞ്ചരിക്കുന്നത്. കഴിഞ്ഞ വർഷം സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷനിലെ ജീവനക്കാരനെയും കുറവൻതാവളത്ത് ടാപ്പിംഗ് തൊഴിലാളിയായ തുളസീധരനെയും കാട്ടാന കൊന്നിരുന്നു.
ഫോറസ്റ്റ് ഡിവിഷനുകൾ: 4
വേലികൾ തകർന്നിട്ട്: 3 വർഷം
ഭീഷണി ഇവിടെയൊക്കെ......
ചെറുകടവ്, വലിയകാവ്
കുമ്പഴക്കടവ്
അച്ചൻകോവിൽ പട്ടികജാതി
പട്ടികവർഗ കോളനികൾ
കടമ്പുപാറ
മുള്ളുമല
മുള്ളുമല ചതുപ്പ്
ഗിരിജൻ കോളനി
കടമ്പുപാറ
ആനപെട്ടകോങ്കൽ മൂന്നുകണ്ണറ
നെടുംപച്ച കുട്ടിവനം
ഒറ്റക്കൽ
വനാതിർത്തിയോട് ചേർന്ന് സ്ഥാപിച്ച സൗരോർജ്ജ വേലികൾ തകർന്നതാണ് വന്യമൃഗ ശല്യം രൂക്ഷമാകാൻ കാരണം. മൂന്നുവർഷമായി ഈ സ്ഥിതി തുടരുന്നു. കടുത്ത ഭീതിയിലാണ് ജനങ്ങൾ കഴിയുന്നത്. ലക്ഷങ്ങളുടെ നഷ്ടവും ഉണ്ടായി. ഈ അവസ്ഥ മറികടക്കുന്നതിന് വേലികളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്തണം
ജി. ഗീരീഷ്കുമാർ ചാലിയക്കര(പ്രദേശവാസി)