യാത്രക്കാർക്ക് പാരയായി അനധികൃത പാർക്കിംഗ്
ബസുകളുടെ തർക്കവും മത്സര ഓട്ടവും പതിവ്
എഴുകോൺ: ഗതാഗതകുരുക്ക് രൂക്ഷമാകുന്ന നെടുമൺകാവിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ പൊലീസിന്റെ സേവനം ആവശ്യത്തിന് ലഭിക്കാത്തതാണ് ഈ അവശ്യത്തിന് പിന്നിൽ.
സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിംഗാണ് ഗതാഗത കുരുക്കിനുള്ള പ്രധാന കാരണം. മറ്റ് വാഹനങ്ങളുടെ അമിത വേഗതയും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
നെടുമൺകാവിൽ യാത്ര അവസാനിപ്പിക്കുന്ന ബസുകൾ ദീർഘനേരം ജംഗ്ഷനിൽ നിർത്തിയിട്ട് യാത്രക്കാരെ കയറ്റാൻ പാടില്ലെന്ന് പൊലീസ് നിർദേശമുണ്ടെങ്കിലും അത് പാലിക്കാറില്ല. ബസുകാർ തമ്മിൽ തർക്കവും മത്സര ഓട്ടവും പതിവാണ്. വ്യാപാര സ്ഥാപനങ്ങളിൽ വരുന്ന വാഹനങ്ങൾ റോഡിലേക്ക് ഇറക്കി പാർക്ക് ചെയ്യുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. വാക്കനാട്, കൊട്ടറ, നെടുമൺകാവ്, കുടിക്കോട് സ്കൂളുകളിലെ നൂറുകണക്കിന് വിദ്യാർഥികളും നെടുമൺകാവ് സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തുന്നവരും നെടുമൺകാവ് ജംഗ്ഷൻ വഴിയാണ് കടന്നുപോകുന്നത്. ജംഗ്ഷനോട് ചേർന്നുള്ള ബിവറേജസ് ഔട്ട്‌ലെറ്റിലെ തിരക്കും തലവേദന സൃഷ്ടിക്കുന്നു.
വിഷയം പി. ഐഷാപോറ്റി എം.എൽ.എ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. കഴിഞ്ഞ മാസം കൊട്ടാരക്കരയിൽ ഡി.ജി.പി പങ്കെടുത്ത അദാലത്തിലും കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് നിവേദനം നൽകുകയും ചെയ്തിരുന്നു. എന്നിട്ടും നടപടി മാത്രം ഇനിയും അകലെയാണ്. വിഷയത്തിലെ അലംഭാവം വെടിയണമെന്നും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ അവശ്യം.
ക്യാബിൻ എത്തി, ഔട്ട്പോസ്റ്റ് എത്തിയില്ല
പൊലീസുകാർക്ക് വിശ്രമിക്കാനുള്ള ക്യാബിൻ നെടുമൺകാവിൽ എത്തിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഏനാത്ത് പാലം പുനർനിർമാണഘട്ടത്തിൽ ഗതാഗതം നിയന്ത്രിക്കാൻ അവിടെ സ്ഥാപിച്ചിരുന്ന ക്യാബിനാണ് നാട്ടുകാരും പഞ്ചായത്തും ചേർന്ന് നെടുമൺകാവിൽ എത്തിച്ചത്.
പ്രശ്നത്തിന് നടുവിൽ ഇവിടുത്തെ വിദ്യാർത്ഥികൾ
വാക്കനാട് ഗവ.എച്ച്.എസ്.എസ്
കൊട്ടറ എസ്.എം.എച്ച്.എസ്.എസ്
നെടുമൺകാവ് യു.പി സ്കൂൾ
കുടിക്കോട് ശ്രീനാരായണ ഗുരു സെൻട്രൽ സ്കൂൾ