കൊല്ലം: മനുഷ്യർ മൂല്യങ്ങളിൽ മുറുകെപ്പിടിച്ചില്ലെങ്കിൽ ജീവിതം ആർത്ഥശൂന്യമാകുമെന്ന് മാതാഅമൃതാനന്ദമയീ ദേവി. 66-ാം പിറന്നാൾ ആഘോഷ ചടങ്ങിൽ പങ്കെടുക്കാൻ അമൃതപുരിയിലെത്തിയ ആയിരക്കണക്കിന് ഭക്തരോട് സംസാരിക്കുകയായിരുന്നു അമ്മ. മൂല്യങ്ങൾ കൈവിട്ടാൽ ജീവിതം ചിതലുപിടിച്ച തടി പോലെയാകും. മാതാപിതാക്കൾ കുഞ്ഞുങ്ങൾക്ക് ചെറുപ്പത്തിലേ ധർമ്മബോധം നൽകണം. കുഞ്ഞുങ്ങൾ കരയുമ്പോൾ അച്ഛനമ്മമാർ ഉടൻ അവരുടെ കൈയിൽ മൊബൈൽ ഫോൺ കൊടുക്കും. ഇതിലൂടെ ആ നിമിഷത്തെ കരച്ചിൽ നിൽക്കുമെങ്കിലും അതിനൊപ്പം മൂല്യങ്ങൾ കൊടുത്തില്ലെങ്കിൽ ജീവിതകാലം മുഴുവൻ അവർ കരയേണ്ടി വരും.
എല്ലാവർക്കും ആഹാരം ആവശ്യമാണെങ്കിലും കൃഷി ചെയ്യാൻ മടിയാണ്. ജലം ആവശ്യമാണെങ്കിലും വെള്ളം പാഴാക്കാതിരിക്കാനും മഴവെള്ളം സംഭരിക്കാനും ശ്രമിക്കുന്നില്ല. ജീവിക്കാൻ ഓക്‌സിജൻ ആവശ്യമാണെങ്കിലും മരങ്ങൾ നടാൻ മടിയാണ്. നമ്മൾ മറ്റുള്ളവരുടെ സ്‌നേഹം ആഗ്രഹിക്കുന്നു. എന്നാൽ ഉറ്റവർക്കും ഉടയവർക്കും അവരാഗ്രഹിക്കുന്ന സമയവും ശ്രദ്ധയും നൽകാൻ മറക്കുന്നു. നമുക്ക് ശാന്തി വേണം. എന്നാൽ മറ്റുള്ളവരിൽ തെറ്റുകാണുന്ന ശീലം ഉപേക്ഷിക്കാൻ മടിയാണ്. മറ്റുള്ളവരെ ഉൾക്കൊള്ളാൻ എത്രമാത്രം മനസിൽ ഇടം സൃഷ്ടിക്കുന്നുവോ അത്രമാത്രം സന്തോഷവും നമുക്കുണ്ടാകും.
അഹംബുദ്ധി കൂടുന്തോറും സന്തോഷം കുറയും. അഹംഭാവത്തിന്റെയും സ്വാർത്ഥതയുടെയും മേൽ നിയന്ത്രണമില്ലാത്തവർക്ക് ഹൃദയം തുറന്നു സന്തോഷിക്കാനോ ജീവിതം ആസ്വദിക്കാനോ കഴിയില്ല.
ഈ മഹാപ്രപഞ്ചത്തിൽ മനുഷ്യൻ ഇത്തിരിപ്പോന്ന ഒരു ജീവിയാണ്. നമ്മുടെ മറുഭാഗത്ത് അന്തമില്ലാത്ത വിശ്വശക്തിയാണ്. അത് ഓരേ താളത്തിലും ശ്രുതിയിലും മുന്നോട്ടു നീങ്ങുമ്പോൾ മനുഷ്യൻ അതിനെതിരായാണ് നീങ്ങുന്നത്. പ്രപഞ്ച നിയമത്തോട് പൊരുത്തപ്പെട്ടാൽ ശാന്തിയും സന്തോഷവുമുണ്ടാകും. ജീവിതം വളരെ ചെറുതാണ്. ഈ ചെറിയ കാലയളവിൽ സ്വയം സന്തോഷിക്കാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും നമുക്കു കഴിയണം.
ഓണത്തിന് അഞ്ഞൂറ് കോടിയോളം രൂപയുടെ മദ്യമാണ് മുന്നുനാലുദിവസം കൊണ്ട് മലയാളികൾ കുടിച്ചത്. ഇത്രയും പണമുണ്ടായിരുന്നെങ്കിൽ പതിനായിരം പേർക്ക് വീടുവച്ചു കൊടുക്കാമായിരുന്നു. മദ്യപാനംകൊണ്ട് എത്ര കുടുംബങ്ങളാണ് കണ്ണീർ കുടിക്കുന്നത്. എത്ര അമ്മമാരും കുഞ്ഞുങ്ങളുമാണ് നിത്യവും വേദന തിന്നു ജീവിക്കുന്നത്. ഇന്ത്യയിൽ മദ്യപാനത്തിന്റെ കാര്യത്തിൽ മലയാളികൾ ഒന്നാം സ്ഥാനത്താണ്. സംസ്‌കാരം മറന്ന ഉല്ലാസമല്ല നമുക്കാവശ്യം. സംസ്‌ക്കാരത്തെ വളർത്തുന്ന ഉല്ലാസമാണ് വേണ്ടതെന്നും അമ്മ പറഞ്ഞു.