noshanam
ക്ഷേത്രോപകരണങ്ങൾ നശിപ്പിച്ച നിലയിൽ

ഓച്ചിറ: വവ്വാക്കാവ് ചങ്ങൻകുളങ്ങരയിൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത് പണം കവർന്ന മോഷ്ടാക്കൾ ക്ഷേത്ര ഉപകരണങ്ങൾ വ്യാപകമായി നശിപ്പിച്ചു. വവ്വാക്കാവിന് പടിഞ്ഞാറ് കോട്ടക്കുഴിയിൽ കോയിക്കൽ പള്ളിയറ ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ഇന്നലെ പുലർച്ചെ 5ന് ക്ഷേത്ര കഴകം സുശീലയാണ് മോഷണം വിവരം ആദ്യമറിഞ്ഞത്.

ക്ഷേത്രത്തിനകത്തെ രണ്ട് കാണിക്കവഞ്ചികൾ തകർത്ത് പണം കവർന്ന മോഷ്ടാക്കൾ മൈക്ക് സെറ്റ് നശിപ്പിക്കുകയും, ആംപ്ലിഫയർ മോഷ്ടിക്കുകയും ചെയ്തു. മുൻവശത്തുള്ള പ്രധാന കാണിക്കവഞ്ചി തകർക്കാനും ശ്രമം നടന്നു. മേശ അടിച്ച് തകർക്കുകയും നിലവിളക്ക് കത്തിച്ച് വയ്ക്കുന്ന കണ്ണാടിക്കൂട്, ഹോമകുണ്ഡം എന്നിവ നശിപ്പിക്കുകയും ചെയ്തു. കവർച്ചക്കായി കൊണ്ട് വന്ന കമ്പിപാര, മൺകോരി എന്നിവ ക്ഷേത്ര കോമ്പൗണ്ടിൽ ഉപേക്ഷിച്ചാണ് മോഷ്ടാക്കൾ കടന്നത്. ഓച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.