കരുനാഗപ്പള്ളി: സി.പി.എമ്മും ബി.ജെ.പിയും കേരളത്തിൽ ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും പാലാ ഉപതിരഞ്ഞെടുപ്പ് ഫലം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. കേരള എൻ.ജി.ഒ അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം കരുനാഗപ്പള്ളി പുതുമണ്ണേൽ ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലായിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ച വോട്ടുകളിൽ വന്ന കുറവ് രാഷ്ട്രീയമായി വിശകലനം ചെയ്യണം. ആദർശ രാഷ്ട്രീയത്തെ പിച്ചി ചീന്തി അധികാരത്തിൽ കടിച്ചു തൂങ്ങാനാണ് സി.പി.എം.ശ്രമിക്കുന്നത്. സി.പി.എമ്മിന്റെയും ബി.ജി.പി യുടേയും ഒരു സംഗമ ഭൂമിയായി കേരളം മാറുകയാണ്. ചുവന്ന കൊടിയും കാവിക്കൊടിയും ഒരു കമ്പിൽ കെട്ടാവുന്ന കാലഘട്ടമാണിത്. ഇക്കാര്യങ്ങൾ കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്താൻ കോൺഗ്രസും യു.ഡി.എഫും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വി.ടി. ബലറാം എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് അഡ്വ.ബിന്ദുകൃഷ്ണ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, അഡ്വ.ഷാനവാസ് ഖാൻ, എൻ.രവികുമാർ, സി.ആർ.മഹേഷ്, പരിമണം വിജയൻ, ടി.ജി.എസ്.തരകൻ, ആർ.രാജശേഖരൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് ജെ.സുനിൽ ജോസ് അദ്ധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സി.അനിൽ ബാബു അദ്ധ്യക്ഷത വഹിച്ചു. പി.ഉണ്ണികൃഷ്ണൻ, എ.പി.സുനിൽ, എൻ.ഷാജി, ബി.പ്രദീപ് കുമാർ, പ്രദീപ് വാര്യത്ത്, മധു പുതുമന, ജെ.സരോജാക്ഷൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.