padi-kallada
വെട്ടിയതോട് പുതിയ പാലത്തിന്റെ സർവേ നടപടികളുടെ ഭാഗമായി സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നു

പടിഞ്ഞാറേക്കല്ലട: പടിഞ്ഞാറേക്കല്ലട പഞ്ചായത്തിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായ വെട്ടിയതോട് പുതിയപാലത്തിന്റെ സർവേ നടപടികൾ പൂർത്തിയായി.

കാലപ്പഴത്താൽ അപകടാവസ്ഥയിലായ വെട്ടിയതോട് പാലത്തിനു സമാന്തരമായാണ് പുതിയ പാലം നിർമ്മിക്കുന്നത്. ഇതിനായി സംസ്ഥാന സർക്കാർ 3.27 കോടി രൂപയാണ് അനുവദിച്ചത്. പുതിയ പാലം നിർമ്മിക്കുന്നതിന് മുന്നോടിയായി കളക്ടറേറ്റിൽ നിന്നുള്ള ഭൂമി ഏറ്റെടുക്കൽ വിഭാഗംജീവനക്കാരും പൊതുമരാമത്ത് വകുപ്പ് ജീവനക്കാരും സ്ഥലം സന്ദർശിച്ചു.

പാലം നിർമ്മാണത്തിനായി ഏറ്റെടുക്കേണ്ട വസ്തുക്കൾ ഇവർ അളന്ന് തിട്ടപ്പെടുത്തി. ഈ റിപ്പോർട്ട് ഉടൻ ജില്ലാ സർവേ സൂപ്രണ്ടിനും ജില്ലാ കളക്ടർക്കും കൈമാറും. വസ്തുക്കളുടെ വിലനിർണയവും പൂർത്തിയേക്കേണ്ടതുണ്ട്. കിഫ്ബിയിൽപ്പെടുത്തി നവീകരിക്കുന്ന കടപുഴ-വളഞ്ഞവരമ്പ്-കാരാളിമുക്ക് റോ‌ഡിന്റെ നിർമ്മാണം പ്രവർത്തനങ്ങൾ നേരത്തെ ആരംഭിച്ചിരുന്നു. ഈ റോഡിന്റെ ഭാഗമാണ് വെട്ടിയതോട് പുതിയ പാലവും. സംസ്ഥാനപാതയായ ചവറ-അടൂർ റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ കാരാളിമുക്കിൽ എത്തി വെട്ടിയതോട് പാലം വഴി വേണം കണ്ണങ്കാട്ട് കടവിൽ എത്തിച്ചേരാൻ. അതുകൊണ്ടുതന്നെ പാലത്തിന്റെ നിർമ്മാണം അടിയയരമായി പൂർത്തിയാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.