
ശാസ്താംകോട്ട: വഴിനടക്കാനിടമില്ലാതെ പടിഞ്ഞാറെ കല്ലട, വലിയ പാടം ഐക്കരിഴകത്ത് ക്ഷേത്ര പരിസരത്തുള്ള ഇരുപതോളം കുടുംബങ്ങൾ.വർഷങ്ങൾക്ക് മുമ്പ് ആറ്റുതുളുമ്പ് ഏലായിലെ കർഷകർ ഉപയോഗിച്ചിരുന്ന വഴിയുടെ ഒരു വശം കൈയേറുകയും മറുവശം ഓടയായി മാറുകയും ചെയ്തതോടെയാണ് തങ്ങൾ ദുരിതത്തിലായതെന്നാണ് ഇവർ പറയുന്നത്.
കല്ലടയാറിലെ വേലിയേറ്റ സമയത്ത് കയറുന്ന വെള്ളം ഒഴുകി പോകുന്ന ഓടയിൽ വെള്ളക്കെട്ട് പതിവാണ്. കൈയ്യേറ്റങ്ങൾ അളന്നു തിട്ടപ്പെടുത്തുകയും പാറ കെട്ടി ഓട നിർമ്മിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ നിരവധി തവണ നിവേദനം നൽകിയിരുന്നു. എന്നാൽ നിരാശ മാത്രമായിരുന്നു ഫലം. ജില്ലാ കളക്ടറുടെ അദാലത്തിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സെക്രട്ടറിയോട് അടിയന്തര നടപടി ആവശ്യപ്പെട്ടെങ്കിലും ഇതും നടപ്പായില്ല.
കഷ്ടിച്ച് ഒരാൾക്ക് നടക്കുവാനുള്ള സ്ഥലമാണ് ഇവിടെ നിലവിലുള്ളത്. മഴക്കാലമായാൽ കുട്ടികൾ ഉൾപ്പടെയുള്ളവർ ചെളിക്കുണ്ടായ ഓടയിൽ വീഴാനുള്ള സാദ്ധ്യതയുണ്ട്. ഇത് ഭയന്നാണ് എല്ലാവരും ഇതുവഴി സഞ്ചരിക്കുന്നത്. പഞ്ചായത്തിന്റെ തോട് പുറമ്പോക്കായി ആസ്തി രജിസ്റ്ററിൽ ഉൾക്കൊണ്ടിട്ടുള്ള സ്ഥലമായിട്ടും നടപടി ഇല്ലാത്തതാണ് ഇവരെ വലയ്ക്കുന്നത്.
പ്രദേശം അളന്നു തിട്ടപ്പെടുത്തുന്നതിനായി തഹസിൽദാർക്ക് കത്ത് നൽകിയിട്ടുണ്ട്. അളവ് പൂർത്തിയാക്കിയാൽ ഉടൻ പ്രശ്നം പരിഹരിക്കും
പഞ്ചായത്ത്, സെക്രട്ടറി