vellakett
വെളുത്ത മണൽ ജംഗ്ഷനിലെ വെള്ളക്കെട്ടിൽ നാട്ടുകാർ വാഴ നട്ടിരിക്കുന്നു

തൊടിയൂർ: പൊതുമരാമത്ത് റോഡിന്റെ ശോച്യാവസ്ഥയിൽ പരാതി പറഞ്ഞ് മടുത്ത നാട്ടുകാർ റോഡിലെ വെള്ളക്കെട്ടിൽ വാഴവച്ച് പ്രതിഷേധിച്ചു. കരുനാഗപ്പള്ളി - കാരൂർക്കടവ് റോഡിൽ വെളുത്ത മണൽ മാർക്കറ്റ് ജംഗ്ഷലായിരുന്നു വേറിട്ട പ്രതിഷേധം. വർഷങ്ങളായി ഇവിടം വെള്ളക്കെട്ടിലാണ്. റോഡിന്റെ പുനർനിർമ്മാണം നടന്നപ്പോൾ നിർമ്മിച്ച ഓടയിലൂടെ ഒരിക്കൽപ്പോലും വെള്ളം ഒഴുകിയിട്ടില്ല. മണ്ണിറങ്ങി ഓട മൂടുകയും ചെയ്തു. ഇതോടെ ചെറിയ മഴ പെയ്താൽപ്പോലും തിരക്കേറിയ ഈ ജംഗ്ഷൻ വെള്ളക്കെട്ടിലാകും.

സമീപത്തെ വ്യാപാരികളും ജനങ്ങളും ഒരുപോലെ ബുദ്ധിമുട്ടിലായിരുന്നു. റോഡിലുടനീളം വലിയ കുഴികളും രൂപപ്പെട്ടു. ജംഗ്ഷനിൽ നിന്ന് 50 മീറ്റർ കിഴക്കായ സ്ഥിതി ചെയ്യുന്ന വെളുത്തമണൽ ജമാഅത്ത് പള്ളിക്ക് സമീപം അപകടകരമായ കുഴികളാണുണ്ടായിരിക്കുന്നത്. വെളുത്ത മണൽ ജംഗഷനിൽ നിന്ന് ഇടക്കുളങ്ങരയ്ക്കുള്ള റോഡും ഇത്തരത്തിൽ തകർന്നു. കുറച്ചുനാൾ മുമ്പ് ഈ ഭാഗത്ത് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു യുവാവ് മരിച്ചിരുന്നു.

സഞ്ചരിക്കുന്നത് നിരവധി വാഹനങ്ങൾ

കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളുൾപ്പടെ അസംഖ്യം വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. തൊട്ടടുത്ത ശ്രീബുദ്ധ സെൻട്രൽ സ്ക്കൂളിന്റേതുൾപ്പടെ അനേകം സ്ക്കൂൾ വാഹനങ്ങളും ഇതുവഴി സർവീസ് നടത്തുന്നു. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നവർ, കുട്ടികളുമായി സ്കൂളുകളിലേക്ക് പോകുന്നവർ, ഇവരെല്ലാമാണ് റോഡിന്റെ അവസ്ഥയിൽ ഏറെ ബുദ്ധിമുട്ടുന്നത്.