padam-1
സ്വാമി അമൃതസ്വരൂപാനന്ദയുടെ നേതൃത്വത്തിൽ അമ്മയ്ക്ക് പാദപൂജ ചെയ്യുന്നു

കൊല്ലം: മാതാഅമൃതാനന്ദമയിയുടെ 66-ാം പിറന്നാൾ ആഘോഷങ്ങളിൽ വിദേശരാജ്യങ്ങളിൽ നിന്നടക്കം എത്തിയ ആയിരക്കണക്കിന് ഭക്തർ കാത്തിരുന്നത് അമ്മയുടെ പാദപൂജ ദർശിക്കാനായിരുന്നു.

മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരി ധ്യാനശ്ളോളം ഉരുവിട്ട് അമ്മയുടെ പാദം തൊട്ട് നമസ്കരിച്ചപ്പോൾ ആയിരക്കണക്കിന് മനസുകൾ ഭക്തിയോടെ ശിരസ്സ് നമിച്ചു. തുടർന്ന് അമൃതാനന്ദമയി അഷ്ടോത്തരാർച്ചനയും ലളിതാസഹസ്രനാമാർച്ചനയും നടത്തിയാണ് സ്വാമി അമൃതസ്വരൂപാനന്ദപുരി പാദപൂജ നടത്തിയത്. ഓരോ മന്ത്രവും ഏറ്റുചൊല്ലി ഭക്തജനങ്ങൾ പാദപൂജയിൽ പങ്കാളിയായി. അമ്മ മിഴികളടച്ച് കൈകൾകൂപ്പി ധ്യാനനിമഗ്നയായി. ഒരുമണിക്കൂറോളം നീണ്ടുനിന്ന പാദപൂജ അവസാനിച്ചപ്പോൾ അമ്മ ഭക്തർക്ക് നേരെ പുഷ്പവൃഷ്ടി നടത്തി. തുടർന്ന് പ്രമുഖരായ ഭക്തർ വേദിയിലെത്തി അമ്മയുടെ പാദം തൊട്ട് നമസ്കരിച്ച് അനുഗ്രഹം ഏറ്റുവാങ്ങി.