കൊല്ലം: മാതാ അമൃതാനന്ദമയിയുടെ അറുപത്തിയാറാം പിറന്നാൾ ആഘോഷ ചടങ്ങുകളിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരങ്ങൾ ഒഴുകിയെത്തിയതോടെ അമൃതപുരി ആനന്ദക്കടലായി.
ആഘോഷവേദിയായ അമൃതപുരിയിലെ വള്ളിക്കാവ് അമൃതാ എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ട് പുലർച്ചെ തന്നെ ഭക്തരാൽ നിറഞ്ഞു. പുലർച്ചെ 5 മണിക്ക് 54 ബ്രഹ്മചാരികളും 54 ബ്രഹ്മചാരിണികളും പങ്കെടുത്ത ഗണപതി ഹോമത്തോടെയാണ് ആഘോഷ പരിപാടികൾ തുടങ്ങിയത്. രാവിലെ 8.55ന് അമ്മ വേദിയിൽ പഞ്ചവാദ്യങ്ങളുടെ അകമ്പടിയോടെ എത്തിയപ്പോൾ നാമജപങ്ങളാൽ സദസ് ആർത്തിരമ്പി.
9 മണിയോടെ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തിൽ പാദപൂജ തുടങ്ങി. ആശ്രമത്തിലെ സന്യാസിശ്രേഷ്ഠർ ഒന്നാകെ പാദപൂജയിൽ പങ്കെടുത്തു. തുടർന്ന് അമ്മ ജന്മദിന സന്ദേശം നൽകി. 66 വധൂവരന്മാരുടെ സമൂഹവിവാഹവും വിവിധ ധനസഹായങ്ങളുടെ വിതരണവും നടന്നു. അമ്മയുടെ നേതൃത്വത്തിൽ സത്സംഗ് ആരംഭിച്ചതോടെ ഭക്തമനസുകൾ സാഗരം പോലെ ആർത്തിരമ്പി. തുടർന്ന് പിറന്നാൾ ആഘോഷങ്ങളുടെ ഉദ്ഘാടനവും മഠത്തിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. ഇന്നലെ രാത്രി വൈകിയും അമ്മയെ നേരിൽകണ്ട് അനുഗ്രഹം വാങ്ങാൻ ആയിരങ്ങൾ കാത്തുനിൽക്കുകയായിരുന്നു.