sfi-union
എസ്.എഫ്.ഐ പ്രവർത്തകർ കൊല്ലത്ത് നടത്തിയ ആഹ്ളാദ പ്രകടനം

# രണ്ടു കോളേജുകളിൽ കെ.എസ്.യുവിന് അട്ടിമറി ജയം

കൊല്ലം: കേരള സർവകലാശാലയുടെ കീഴിലുള്ള കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജില്ലയിലെ കോളേജുകളിൽ എസ്.എഫ്‌.ഐയ്ക്ക് ആധിപത്യം. അതേസമയം രണ്ടു കോളേജുകളിലെ ഭരണം എസ്.എഫ്‌.ഐയിൽ നിന്ന് പിടിച്ചെടുത്ത് കെ.എസ്. യുവും നേട്ടമുണ്ടാക്കി. ശാസ്താംകോട്ട ഡി.ബി കോളേജിലും കൊട്ടാരക്കര എസ്.ജി കോളേജിലുമാണ് കെ.എസ്‌.യു വിജയിച്ചത്. രണ്ടിടത്തും എല്ലാ ജനറൽ സീ​റ്റും അവർ തൂത്തുവാരി.

ചവറ ബി.ജെ.എം, കൊല്ലം എസ്.എൻ, എസ്.എൻ വനിത, കൊട്ടിയം എൻ.എസ്.എസ്, അഞ്ചൽ സെന്റ് ജോൺസ് തുടങ്ങി തിരഞ്ഞെടുപ്പു നടന്ന മ​റ്റെല്ലാ കോളജുകളിലും എസ്.എഫ്‌.ഐയ്ക്കാണ് വിജയം. ചാത്തന്നൂർ എസ്.എൻ കോളജിൽ ചെയർമാൻ, ജനറൽ സെക്രട്ടറി, മാഗസിൻ എഡി​റ്റർ സ്ഥാനങ്ങളിൽ എ.ബി.വി.പി വിജയിച്ചു. ഒ​റ്റയ്ക്ക് മത്സരിച്ച എ.ഐ.എസ്.എഫിന് ഏതാനും ക്ലാസ് പ്രതിനിധികളെ മാത്രമാണ് ജയിപ്പിക്കാനായത്. ഇതിൽ ചാത്തന്നൂർ എസ്.എൻ കോളജിൽ നിന്ന് വിജയിച്ചതിൽ ജി.എസ്.ജയലാൽ എം.എൽ.എയുടെ മകളുമുണ്ട്.
കുണ്ടറ ഐ.എച്ച്.ആർ.ഡി കോളേജ്, കരിക്കോട് ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പു മാ​റ്റി വച്ചിരിക്കുകയാണ്.

ജില്ലയിൽ ഉജ്വല വിജയം:

എസ്.എഫ്.ഐ


കൊല്ലം: ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന 16 കോളേജുകളിൽ പതിമൂന്നിടത്തും എസ്.എഫ്.ഐ മികച്ച വിജയം നേടിയതായി ജില്ലാ പ്രസിഡന്റ് മുഹമ്മദ് നെസ്മൽ, സെക്രട്ടറി ആദർശ്.എം.സജി എന്നിവർ പറഞ്ഞു. എസ്.എഫ്.ഐയെ തകർക്കാൻ ചില കാമ്പസുകളിൽ കെ.എസ്.യു- എ.ബി.വി.പി- എ.ഐ.എസ്.എഫ് മുന്നണിയായാണ് മത്സരിച്ചത്. കുപ്രചരണങ്ങളെയും, അവിശുദ്ധ കൂട്ടുകെട്ടുകളെയും അവഗണിച്ച് എസ്.എഫ്.ഐ ക്ക് മികച്ച വിജയം സമ്മാനിച്ച മുഴുവൻ വിദ്ധ്യാർത്ഥികളെയും വിജയിച്ച സ്ഥാനാർത്ഥികളെയും ഇരുവരും അഭിവാദ്യം ച്ചെയ്തു.

ചരിത്ര വിജയം: കെ.എസ്.യു

കൊല്ലം: കോളേജ് യൂണിയനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കെ.എസ്.യുവിന് ചരിത്ര വിജയമെന്ന് ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ പറഞ്ഞു. ശാസ്‌താംകോട്ട ഡി.ബി കോളേജ്, കൊട്ടാരക്കര എസ്.ജി കോളേജ് യൂണിയനുകൾ മുഴുവൻ സീറ്റുകളും എസ്.എഫ്.ഐയിൽ നിന്ന് കെ.എസ്.യു പിടിച്ചെടുത്തു. ചാത്തന്നൂ‌ർ എസ്.എൻ കോളേജിൽ ചെയർപേഴ്സൺ, രണ്ട് യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർമാരും അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ മാഗസിൻ എഡിറ്ററായി നാസിം എന്നിവർ കെ.എസ്.യു പാനലിൽ നിന്നും വിജയിച്ചു.

ആറ് പൊളിറ്റിക്കൽ യു.യു.സിമാരും ബി.എഡ് കോളേജുകളിൽ നിന്നായി അഞ്ചു യു.യു.സിമാരും വിജയിച്ചു.