കൊല്ലം: പുൽവാമയിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ് ജവാന്മാരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം വിതരണം ചെയ്തതിനൊപ്പം ലോകത്തിന്റെ ക്ഷേമവും വികസനവും ലക്ഷ്യമാക്കിയുള്ള കോടിക്കക്കണക്കിന് രൂപയുടെ പദ്ധതികൾക്കും മാതാ അമൃതാനന്ദമയിയുടെ ജന്മദിനത്തിൽ തുടക്കമായി.
പുതുതായി ആരംഭിച്ച അമ്മ സ്കൂൾ ഓഫ് സസ്റ്റയിനബിൾ ഡെവലപമെന്റിന്റെ നേതൃത്വത്തിൽ സുസ്ഥിര വികസനം ലക്ഷ്യമാക്കിയുള്ള ഗവേഷണങ്ങൾക്കുള്ള ആദ്യഘട്ട സഹായവിതരണം പിറന്നാൾ ആഘോഷവേദിയിൽ നടന്നു. 25 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്.
സ്ത്രീകൾക്ക് 4 ലക്ഷം സാരികൾ വിതരണം ചെയ്തു. മാതാ അമൃതാനന്ദമയി മഠത്തിന്റെ യുവജന വിഭാഗമായ അയുധ് പ്രകൃതി പ്രകൃതി സംരക്ഷണാർത്ഥം നടപ്പാക്കുന്ന അമൃതവനം പദ്ധതിക്കും തുടക്കമായി. കഴിഞ്ഞ പ്രളയത്തിൽ മരണമടഞ്ഞ 120 പേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം വിതരണം ചെയ്തു. 400 പേർക്ക് ശസ്ത്രക്രിയയ്ക്കുള്ള ധനസഹായം നൽകി. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയുള്ള സ്വച്ഛതാ ജൻ ആന്ദോളൻ പദ്ധതിയുടെ ഉദ്ഘാടനവും പിറന്നാൾ ആഘോഷ വേദിയിൽ അമ്മ നിർവഹിച്ചു.