ശാസ്താംകോട്ട: ലക്ഷങ്ങൾ ചെലവിട്ട് ഭരണിക്കാവിൽ നിർമ്മിച്ച ബസ് സ്റ്റാൻഡ് ഉപേക്ഷിക്കപ്പെട്ട നിലയിൽ. ഭരണിക്കാവ് ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ലക്ഷങ്ങൾ മുടക്കി ബസ് സ്റ്റാൻഡ് നിർമ്മിച്ചത്. ജംഗ്ഷനിൽ നിന്ന് ഇരുന്നൂറ് മീറ്റർ മാറി നിർമ്മിച്ച സ്റ്റാൻഡിൽ ബസുകൾ കയറാതെ ആയതോടായാണ് പ്രതിഷേധം ശക്തമായത്.
ഇതോടെ പൊലീസും ഗതാഗതവകുപ്പും പഞ്ചായത്തും വിഷയത്തിൽ ഇടപെട്ട് സ്റ്റാൻഡിന്റെ പ്രവർത്തനം പുനരാരംഭിച്ചു. കുറച്ചുദിവസത്തേക്ക് കെ.എസ്.ആർ.ടി.സി ബസുകളടക്കം സ്റ്റാൻഡിലേക്ക് പ്രവേശിച്ചെങ്കിലും വീണ്ടും കാര്യങ്ങൾ പഴയപടിയായി.
കെ.എസ്.ആർ.ടി.സി ബസുകളും സ്റ്റാൻഡിൽ കയറാതായതോടെ സ്വകാര്യബസുകളും ഇതേ പാത പിന്തുടർന്നു. നിലവിൽ ബസുകൾ ജംഗ്ഷനിൽ നിന്നുതന്നെ ആളുകളെ കയറ്റുകയാണ് ചെയ്യുന്നത്.
ഇതോടെ ഭരണിക്കാവ് ജംഗ്ഷനിലെ ഗതാഗതക്കുരുക്കും രൂക്ഷമായി. ബസുകൾ ജംഗ്ഷനിൽ നിർത്തി ആളെ കയറ്റുന്നതാണ് ഇവിടുത്തെ പ്രധാന പ്രശ്നം. ഓണക്കാലത്ത് പൊലീസ് ഇടപ്പെട്ട് നടത്തിയ ട്രാഫിക് പരിഷ്കരണങ്ങളൊക്കെ ഓണം കഴിഞ്ഞതോടെ പഴയതുപോലയായി. ബസുകൾ കയറാതായതോടെ സ്റ്റാൻഡും വിജനമായി. നിലവിൽ ചില പ്രൈവറ്റ് ബസുകാർ വിശ്രമിക്കുവാൻ വേണ്ടി മാത്രമാണ് സ്റ്റാൻഡ് ഉപയോഗിക്കുന്നത്. സാമൂഹ്യവിരുദ്ധരും മേഖല കേന്ദ്രമാക്കിക്കഴിഞ്ഞു. അടിയന്തര ഇടപെടൽ വേണമെന്നും സ്റ്റാൻഡിന്റെ പ്രവർത്തനം പുനരാരംഭിക്കണമെന്നുമാണ് ഉയരുന്ന ആവശ്യം.