കരുനാഗപ്പള്ളി: ശ്രീനാരായണ ഗുരുദേവൻ പരബ്രഹ്മ സ്വരൂപനാണെന്ന് എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഓച്ചിറ ശ്രീനാരായണ മഠത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ധർമ്മ പ്രബോധന ധ്യാന സന്ദേശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രീതിനടേശൻ. അന്ധർ ആനയെ കാണുന്നതുപോലെയാണ് പലരും ഗുരുവിനെ കാണുന്നത്. ചിലർ ഗുരുവിനെ വിപ്ലവകാരിയായി കാണുമ്പോൾ മറ്റു ചിലർ നവോത്ഥാന നായകനായി കാണുന്നു. ആദ്ധ്യാത്മിക തലത്തിൽ ഗുരുവിന്റെ സ്ഥാനം എന്തെന്നറിയാൻ ആരും ശ്രമിക്കുന്നില്ല. ദൈവത്തിന് മാത്രമേ ദൈവത്തെ കാണാൻ കഴിയു. അതുകൊണ്ടുമാത്രമാണ് ഗുരുദേവന് ശ്രീകൃഷ്ണ ഭഗവാനെ ദർശിക്കാൻ കഴിഞ്ഞത്. മനസ്സിനെ ഏകാഗ്രമാക്കി തൃപ്പാദങ്ങളിൽ സമർപ്പിച്ചാൽ എല്ലാ ദുഃഖങ്ങളും അകന്ന് പോകും. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളും കൃതികളും പഠിക്കാൻ പുതിയ തലമുറ മുന്നോട്ട് വരണമെന്ന് പ്രീതി നടേശൻ ആവശ്യപ്പെട്ടു. ഇതിനായി യൂണിയനുകളും മറ്റ് പോഷക സംഘടനകളും പുതിയ പദ്ധതികൾക്ക് രൂപം നൽകണമെന്നും പ്രീതി നടേശൻ പറഞ്ഞു.യോഗത്തിൽ യജ്ഞാചാര്യൻ സ്വാമി ശിവബോധാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ.സോമരാജൻ മുഖ്യപ്രഭാഷണം നടത്തി. വൈസ്സ പ്രസിഡന്റ് എസ്. ശോഭനൻ, യോഗം ബോർഡ് മെമ്പർ കെ.ജെ.പ്രസേനൻ, യൂണിയൻ കൗൺസിലർമാരായ എല്ലയ്യത്ത് ചന്ദ്രൻ, കുന്നേൽ രാജേന്ദ്രൻ, എം.ചന്ദ്രൻ, കള്ളേത്ത് ഗോപി, ക്ലാപ്പന ഷിബു, ബി.കമലൻ, കളരിയ്ക്കൽ സലിംകുമാർ, വനിതാ സംഘം ഭാരവാഹികളായ മണിയമ്മ, മധുകുമാരി, യൂത്ത് മൂവ്മെന്റ് നേതാക്കളായ ടി.ഡി.ശരത് ചന്ദ്രൻ, നീലികുളം ഷിബു എന്നിവർ പ്രസംഗിച്ചു. ശ്രീനാരായണ ദിവ്യജ്യോതിസ് ദർശനത്തോടെയാണ് പ്രബോധന പരിപാടികൾ ഇന്നലെ ഗുരുക്ഷേത്രത്തിൽ ആരംഭിച്ചത്.