കരുനാഗപ്പള്ളി: ശ്രീനാരായണ ഗുരുദേവ മന്ത്രങ്ങളാൽ ഓച്ചിറ ശ്രീനാരായണ ഗുരുക്ഷേത്രവും പരിസരവും ഭക്തസാന്ദ്രമായി. ശ്രീനാരായണ പ്രബോധനത്തിലും ധ്യാനത്തിലും പങ്കെടുക്കാനായി പഞ്ചശുദ്ധി വ്രതാനുഷ്ഠാനങ്ങളോടെ നൂറുകണക്കിന് ഭക്തരാണ് ഇന്നലെ ഓച്ചിറ ശ്രീനാരായണ ഗുരുക്ഷേത്രത്തിൽ എത്തിയത്. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയനാണ് ശ്രീനാരായണ ദർശനങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായി പ്രബോധനവും ധ്യാനവും സംഘടിപ്പിച്ചത്.
യജ്ഞാചാര്യൻ സ്വാമി ശിവബോധാനന്ദയുടെ നേതൃത്വത്തിലുള്ള സംഘം നാല് ദിവസത്തെ പരിപാടികളാണ് നടത്തുന്നത്. ഇതിനായി ഗുരുക്ഷേത്രത്തിൽ പ്രത്യേക യജ്ഞശാല നിർമ്മിച്ചു. ദൈവദശകത്തിന്റെ വിവിധ തലങ്ങളിലുള്ള അർത്ഥവ്യാപ്തിയെ കുറിച്ച സ്വാമി പ്രഭാഷണം നടത്തി.
യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ, സെക്രട്ടറി എ. സോമരാജൻ, വൈസ് പ്രസിഡന്റ് എസ്. ശോഭനൻ എന്നിവരുടെ നേതൃത്വത്തിൽ ശാഖകളിൽ നിന്നെത്തിയ ഭാരവാഹികളാണ് പരിപാടിക്ക് ചുക്കാൻ പിടിക്കുന്നത്. ഇന്ന് രാവിലെ 9 ന് ശ്രീനാരായണ ദിവ്യജ്യോതി ദർശനം, ഉച്ചക്ക് 12ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഗുരുക്ഷേത്രത്തിൽ എത്തി ധ്യാനസന്ദേശം നൽകും.